
മിനസോട്ട: അമേരിക്കയിലെ വർണ്ണ വെറിക്കിരയായ ജോർജ് ഫ്ളോയിഡ് കൊലപാതകത്തിൽ ഫ്ളോയിഡിന്റെ കുടുംബത്തിന് 270 ലക്ഷം ഡോളർ (196.26 കോടി രൂപ) നഷ്ടപരിഹാരം നൽകും. 'തെറ്റായ മരണമെന്ന്' വിലയിരുത്തിയാണിത്. അമേരിക്കയുടെ ചരിത്രത്തിലാദ്യമായാണ് വിചാരണയ്ക്ക് മുമ്പ് ഇത്രയും വലിയ തുക നഷ്ടപരിഹാരമായി പ്രഖ്യാപിക്കുന്നതെന്ന് അഭിഭാഷകർ വ്യക്തമാക്കി.
മിനിയാപൊളിസ് ഭരണകൂടത്തിനും പൊലീസിനുമെതിരെ ഫ്ളോയിഡിന്റെ കുടുംബം നൽകിയ കേസ് ഒത്തു തീർപ്പാക്കിയപ്പോഴാണ് നഷ്ടപരിഹാരത്തുക വിധിച്ചത്. സെക്യൂരിറ്റി ഗാർഡായി ജോലി ചെയ്തിരുന്ന ജോർജ് ഫ്ളോയിഡ് കഴിഞ്ഞ ജൂണിലാണ് കൊല്ലപ്പെട്ടത്. വെള്ളക്കാരനായ ഡെറിക് ചോവിൻ എന്ന പൊലീസുകാരൻ കറുത്ത വംശജനായ ഫ്ലോയിഡിനെ നിസാര കുറ്റം ചുമത്തി അറസ്റ്റ് ചെയ്യുകയും റോഡിൽ കിടത്തി കഴുത്തിൽ കാൽമുട്ടമർത്തി ശ്വാസം മുട്ടിച്ചു കൊല്ലുകയുമായിരുന്നു. സംഭവത്തിന്റെ വീഡിയോ വൈറലായതോടു കൂടിയാണ് ക്രൂരകൃത്യം പുറംലോകം അറിഞ്ഞത്. നഷ്ട പരിഹാരത്തുകയുടെ കാര്യത്തിൽ തീരുമാനമായെങ്കിലും കുറ്റക്കാരായ പൊലീസുകാർക്കെതിരായ കേസിൽ വിചാരണ നടന്നു കൊണ്ടിരിക്കുകയാണ്. ഫ്ലോയിഡിന്റെ കൊലപാതകം അമേരിക്കയിൽ കറുത്ത വംശജരുടെ നേതൃത്വത്തിൽ വൻ പ്രക്ഷോഭത്തിന് വഴിയൊരുക്കിയിരുന്നു. 'ബ്ലാക്ക് ലൈവ്സ് മാറ്റർ' എന്ന പേരിൽ അമേരിക്കയിൽ ആരംഭിച്ച പ്രക്ഷോഭം പിന്നീട് മറ്റു ലോകരാജ്യങ്ങളിലേക്കും വ്യാപിക്കുകയായിരുന്നു.
സംഭവത്തിൽ അമേരിക്കൻ ഭരണകൂടത്തിന്റെ നിലപാട് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ട്രംപിന് തിരിച്ചടിയായിരുന്നു.