
ഡിസ്പൂർ: കോൺഗ്രസിനെക്കാൾ അഴിമതി നിറഞ്ഞൊരു പാർട്ടി ഇന്ത്യയിലില്ലെന്ന് കേന്ദ്ര മന്ത്രി സ്മൃതി ഇറാനി. അസമിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സംസാരിക്കുകയായിരുന്നു അവർ. ജനക്ഷേമ പ്രവർത്തനങ്ങൾ തുടരുന്നതിനായി തുടർന്നും ബി.ജെ.പിക്ക് വോട്ട് ചെയ്യണമെന്നും അവർ അഭ്യർത്ഥിച്ചു. സംസ്ഥാനത്തെ ഏറ്റവും ദരിദ്രരായ ജനങ്ങളുടെ ക്ഷേമത്തിനായി മുഖ്യമന്ത്രി സർബാനന്ദ സോനോവാളും പ്രധാനമന്ത്രി നരേന്ദ്ര മോദിയും നിരവധി പദ്ധതികളാണ് നടപ്പിലാക്കിയത്. കോൺഗ്രസ് അഴിമതിയിൽ മുങ്ങിക്കുളിച്ചിരിക്കുകയാണ്. സാധാരണക്കാരുടെ ക്ഷേമത്തിനായി പ്രവർത്തിക്കാൻ ബി.ജെ.പിക്ക് മാത്രമേ സാധിക്കുകയുള്ളു - സ്മൃതി പറഞ്ഞു.
കോൺഗ്രസ് ഒരിക്കലും സാധാരണ ജനങ്ങൾക്ക് വേണ്ടി പ്രവർത്തിച്ചിട്ടില്ല. പ്രധാനമന്ത്രി പദത്തിൽ പോലുമെത്തിയ കോൺഗ്രസ് നേതാക്കൾ അസമിലുണ്ടായിട്ടും എ.ഐ.ഐ.എം.എസ് സംസ്ഥാനത്ത് ആരംഭിക്കാൻ മോദി പ്രധാനമന്ത്രി ആവേണ്ടി വന്നെന്നും സ്മൃതി ഇറാനി പറഞ്ഞു. മുൻ പ്രധാനമന്ത്രിയും അസമിൽ നിന്നുള്ള രാജ്യസഭാംഗവുമായ മൻമോഹൻ സിംഗിനെ പരോക്ഷമായി സൂചിപ്പിച്ചായിരുന്നു വിമർശനം.