
തൃശൂർ: ആർ എസ് പി നേതാവും ആർ എസ് പിയുടെ യുവജന വിഭാഗം സംസ്ഥാന അദ്ധ്യക്ഷനുമായിരുന്ന മുഹമ്മദ് നഹാസ് ബി ജെ പിയിൽ ചേർന്നു. കഴിഞ്ഞ തവണ തൃശൂർ കയ്പ്പമംഗലം നിയോജക മണ്ഡലത്തിലെ യു ഡി എഫ് സ്ഥാനാർത്ഥിയായി മുഹമ്മദ് നഹാസ് മത്സരിച്ചിരുന്നു. സി പി ഐയുടെ ഇ ടി ടൈസനോടാണ് ഇയാൾ പരാജയപ്പെട്ടത്.
ബി ജെ പി നേതാവ് എ എൻ രാധാകൃഷ്‌ണനാണ് നഹാസിനെ ഷാളണിയിച്ച് പാർട്ടിയിലേക്ക് സ്വീകരിച്ചത്. സീറ്റ് വിഭജന ചർച്ചയിൽ കയ്പ്പമംഗലം വേണ്ടെന്നും പകരം സീറ്റ് വേണമെന്നുമായിരുന്നു ആർ എസ് പി നിലപാട്. പകരം മട്ടന്നൂർ സീറ്റ് ലഭിച്ചതോടെയാണ് ആർ എസ് പി കയ്പ്പമംഗലം സീറ്റ് ഉപേക്ഷിച്ചത്. ഇതിന്റെ പശ്ചാത്തലത്തിലാണ് നഹാസ് പാർട്ടി വിട്ടിരിക്കുന്നത്.
ഇതോടെ ആഴ്‌ചകളായി തുടരുന്ന ചർച്ചകളും വാഗ്വാദങ്ങളും അവസാനിപ്പിച്ച് കയ്‌പ്പമംഗലത്ത് കോൺഗ്രസ് തന്നെ മത്സരിക്കുമെന്ന് ഉറപ്പായിരിക്കുകയാണ്. മുൻ ജില്ലാ പഞ്ചായത്ത് അംഗവും യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയുമായ ശോഭാ സുബിൻ കയ്‌പ്പമംഗലത്ത് നിന്നും ജനവിധി തേടുമെന്നാണ് വിവരം.