
ഇസ്ളാമാബാദ്: മകൾ മറിയം നവാസിനെ പാക്കിസ്ഥാൻ പട്ടാളം ഭീഷണിപ്പെടുത്തിയെന്ന് മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫ്. മറിയത്തിന് എന്തെങ്കിലും പറ്റിയാൽ അതിനുത്തരവാദികൾ പ്രധാനമന്ത്രി ഇമ്രാൻ ഖാനും മൂന്ന് ഉന്നത ജനറലുകളുമാണെന്ന് ലണ്ടനിൽ നിന്നുള്ള വീഡിയോ സന്ദേശത്തിൽ പി.എം.എൽ.എൻ മേധാവിയായ നവാസ് പറഞ്ഞു.
'പട്ടാളത്തിനെതിരെ സംസാരിക്കുന്നത് അവസാനിപ്പിച്ചില്ലെങ്കിൽ തകർക്കുമെന്നാണ് മറിയത്തിനെ ഭീഷണിപ്പെടുത്തുന്നത്. നിങ്ങൾ വളരെ തരം താഴ്ന്നിരിക്കുന്നു. ആദ്യം നിങ്ങൾ മറിയം താമസിച്ചിരുന്ന കറാച്ചി ഹോട്ടൽ മുറിയുടെ വാതിൽ തകർത്തു. ഇപ്പോൾ അവളെ ഭീഷണിപ്പെടുത്തുന്നു. മകൾക്ക് എന്തെങ്കിലും സംഭവിച്ചാൽ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ, കരസേനാ മേധാവി ജനറൽ ഖമർ ജാവേദ് ബജ്വ, ഐ.എസ്.ഐ മേധാവി ലഫ്.ജനറൽ ഫൈസ് ഹമീദ്, ജനറൽ ഇർഫാൻ മാലിക് എന്നിവർ ഉത്തരവാദികളായിരിക്കും.'– 71 കാരനായ നവാസ് വ്യക്തമാക്കി.
അൽ അസീസിയ മിൽസ് അഴിമതിക്കേസിൽ ലാഹോറിലെ കോട്ട് ലഖ്പത് ജയിലിൽ ഏഴു വർഷം തടവ് അനുഭവിക്കുകയായിരുന്ന നവാസ് ഷെരീഫ് 2019 നവംബർ മുതൽ ലണ്ടനിലാണ്. ആരോഗ്യ കാരണങ്ങളാൽ ലാഹോർ ഹൈക്കോടതി നാലാഴ്ച ജാമ്യം അനുവദിച്ചതിനെത്തുടർന്ന് നവാസിനെ രാജ്യം വിടാൻ സർക്കാർ അനുവദിച്ചിരുന്നു. പിന്നീട് മടങ്ങിവന്നില്ല. രാഷ്ട്രീയത്തിലേക്കു വലിച്ചിഴക്കരുതെന്ന് അഭ്യർത്ഥിച്ചതിനു സൈന്യത്തെ അദ്ദേഹം പരിഹസിക്കുകയും ചെയ്തു. 'കഴിവില്ലാത്ത ഇമ്രാൻ ഖാനെ രാജ്യത്തിനുമേൽ അടിച്ചേൽപ്പിക്കാൻ ജനറൽമാർ 2018ലെ വോട്ടെടുപ്പിൽ ഇടപെട്ടുവെന്നും ഇമ്രാൻ ഖാനെ വിശ്വാസ വോട്ടെടുപ്പിൽ സഹായിച്ചുവെന്നും അദ്ദേഹം ആരോപിച്ചു. നിങ്ങൾ ചെയ്തതു ഗുരുതരമായ കുറ്റത്തിന് ഉത്തരം നൽകേണ്ടി വരുമെന്നും നവാസ് മുന്നറിയിപ്പ് നൽകി. തനിക്ക് ഭീഷണി മാത്രമല്ല, മോശം ഭാഷയിൽ അധിക്ഷേപവും നേരിടേണ്ടി വന്നെന്നു പി.എം.എൽ.എൻ പാർട്ടിയുടെ മുതിർന്ന നേതാവായ മറിയം ട്വീറ്റ് ചെയ്തിരുന്നു.