jack-ma

ബീജിംഗ്: ചൈനയുടെ സാമ്പത്തിക നയങ്ങളെ വിമർശിച്ചതിന്റെ പേരിൽ സർക്കാരിന്റെ അപ്രീതിയ്ക്ക് പാത്രമായ ജാക്ക് മായ്ക്കെതിരെ കടുത്ത പ്രതികാര നടപടികളുമായി ചൈനീസ് ഭരണകൂടം. നിയമ വിരുദ്ധമായ പ്രവർത്തനങ്ങൾ ആരോപിച്ച് ഭീമമായ തുക പിഴ ചുമത്തി മായുടെ ബിസിനസ് സംരംഭങ്ങളുടെ നട്ടെല്ലൊടിക്കാനാണ് ചൈനീസ് സർക്കാരിന്റെ പുതിയ നീക്കം. ജാക്ക് മായുടെ കമ്പനിയായ ആലിബാബ ആൻഡ് ഗ്രൂപ്പിനെതിരെ കുത്തക നിയന്ത്രിത നിയമമനുസരിച്ച് 1 ബില്യൺ യു.എസ് ഡോളർ (7268.92 കോടി രൂപ) പിഴ ചുമത്തി. ഇത് ഇതേ കുറ്റത്തിന് ചൈന ചുമത്തുന്ന ഏറ്റവും വലിയ പിഴത്തുകയാണ്.

ഭരണകൂടത്തിന്റെ നോട്ടപ്പുള്ളിയായതിന് ശേഷം നിരന്തരം വേട്ടയാടപ്പെട്ടിരുന്ന മാ പൊതു വേദികളിൽ നിന്ന് അപ്രത്യക്ഷനായിരുന്നു. ഭരണകൂടത്തിനെതിരെ പ്രതികരിച്ചതിന് മാ ചൈനീസ് ഭരണകൂടത്തിന്റെ തടവിലായിരുന്നുവെന്ന് അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നുവെന്നുവെങ്കിലും ജനുവരിയിൽ അദ്ദേഹത്തിന്റെ 50 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ പുറത്തു വന്നിരുന്നു. തുടർച്ചയായി ചൈനയിലെ ഏറ്റവും ധനികൻ എന്ന പദവി അലങ്കരിച്ചിരുന്ന മാ ഇക്കൊല്ലം നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

ഒക്ടോബർ 23ലെ വിവാദ പ്രസംഗത്തിലാണ് സർക്കാർ ഉടമസ്ഥതയിലുള്ള ബാങ്കുകൾക്കും സാമ്പത്തിക സ്ഥാപനങ്ങൾക്കുമെതിരെ മാ പ്രതികരിച്ചത്.

ചൈനയ്ക്ക് ഒരു സാമ്പത്തിക പരിസ്ഥിതിയില്ലെന്നും ചൈനീസ് ബാങ്കുകൾ പണയം വയ്ക്കൽ കടകളാണെന്നുമാണ് മാ പറഞ്ഞത്. ഇത് അധികാരികളെ ചൊടിപ്പിച്ചു. നവംബറിൽ ജാക്ക് മായുടെ ഫിനാൻഷ്യൽ ടെക്ക് കമ്പനിയ്ക്ക് നൽകാനിരുന്ന നിക്ഷേപം പ്രസിഡന്റ് ഷി ജിൻപിങ് ഇടപെട്ട് തടഞ്ഞു.

ഒക്ടോബർ അവസാനം മുതൽ ജാക്ക് മായുടെ ആസ്തിയിൽ 1100 കോടി ഡോളർ നഷ്ടമായി. മായുടെ ആസ്തി 6170 കോടി ഡോളറിൽ നിന്ന് 5090 കോടി ഡോളറായി കുറഞ്ഞു. ഇതോടെ ജാക്ക് മാ ലോകത്തെ സമ്പന്ന വ്യക്തികളിൽ 25-ാമതായി പിന്തള്ളപ്പെട്ടു.

ആലിബാബ സംരംഭങ്ങളുടെ ഭാവി ചൈനീസ് ഭരണകൂടത്തിന്റെ കയ്യിലാണ്. തങ്ങളുടെ നിയന്ത്രണത്തിനപ്പുറത്തേക്ക് വളരും എന്ന സംശയമാണ് മായെ തകർക്കാൻ ചൈനീസ് ഭരണ കൂടത്തെ പ്രേരിപ്പിച്ചത്. പൂർണമായും ഉന്മൂലനം ചെയ്യാതെ, തങ്ങളുടെ വരുതിയിൽ നിൽക്കുന്ന രീതിയിൽ മായേയും ആലിബാബ ഗ്രൂപ്പിനേയും നിയന്ത്രിച്ച് നിറുത്താനാണ് ചൈനയുടെ ശ്രമം.

ജാക്ക് മാ

 ലോകത്തിലെ ഏറ്റവും വലിയ ഓൺലൈൻ സംരംഭങ്ങളിലൊന്നായ ആലിബാബയുടെ സ്ഥാപകൻ.

 സാധാരണക്കാരനായ ഒരു അദ്ധ്യാപകനായി ജോലി ചെയ്തിരുന്ന മാ യുൻ എന്ന യുവാവ്, തന്റെ കഠിനാധ്വാനം കൊണ്ട് കോടികളുടെ ഓഹരി മൂല്യമുള്ള ബിസിനസ് സംരംഭങ്ങൾക്ക് ഉടമയാകുകയായിരുന്നു.

 1999 ൽ തന്റെ 17 സുഹൃത്തുക്കളുമായി ചേർന്നാണ് ആലിബാബ എന്ന ഓൺലൈൻ സ്റ്റോറിന് തുടക്കമിട്ടത്.

 1.40 ലക്ഷം മുതൽ മുടക്കിൽ ആരംഭിച്ച സംരംഭത്തിന്റെ ഇന്നത്തെ മൂല്യം ഏകദേശം 26 ലക്ഷം കോടിയോളം വരും.