oommen-chandy

ന്യൂഡൽഹി: നേമത്ത് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി തന്നെ മത്സരിക്കുമെന്ന് വിവരം. നേമത്ത് മത്സരിക്കാമെന്ന് ഉമ്മൻ ചാണ്ടി ഹൈക്കമാൻഡിനെ അറിയിച്ചിട്ടുണ്ട്. എന്നാൽ നേമത്ത് മത്സരിക്കാൻ നിർബന്ധിക്കില്ലെന്നും ഉമ്മൻ ചാണ്ടി തീരുമാനിക്കട്ടെയെന്നുമാണ് രാഹുൽ ഗാന്ധിയുടെ നിലപാട്. നേമത്തിന് പുറമെ സ്വന്തം മണ്ഡലമായ പുതുപ്പളളിയിലും ഉമ്മൻ ചാണ്ടി മത്സരിക്കും.

ബി ജെ പിയുടെ സിറ്റിംഗ് സീറ്റായ നേമത്ത് കരുത്തരായ സ്ഥാനാർത്ഥി വേണമെന്ന് ഹൈക്കമാൻഡ് നേരത്തെ നിർദേശിച്ചിരുന്നു. നേമത്ത് മത്സരിക്കാമോ എന്ന് ഉമ്മൻചാണ്ടിയോടും വട്ടിയൂർക്കാവിലേക്ക് മാറാമോ എന്ന് രമേശ് ചെന്നിത്തലയോടും ഹൈക്കമാൻഡ് ചോദിച്ചിരുന്നു. ഏറ്റവും മികച്ച , ജനസമ്മിതിയുളള നേതാവ് തന്നെ നേമത്ത് മത്സരത്തിന് ഉണ്ടാകുമെന്നാണ് കെ പി സി സി പ്രസിഡന്റ് മുല്ലപ്പളളി രാമചന്ദ്രനും പറഞ്ഞിരുന്നത്. ഇന്ന് രാവിലത്തെ വൈകാരിക പ്രകടനങ്ങൾക്ക് നടുവിൽ പുതുപ്പളളിയിൽ തന്നെ മത്സരിക്കാമെന്നും മണ്ഡലം മാറില്ലെന്നും ഉമ്മൻ ചാണ്ടി പ്രഖ്യാപിച്ചിരുന്നു.

തിരുവനന്തപുരം കോർപ്പറേഷനിലെ 22 വാർഡുകൾ ഉൾപ്പെട്ട നിയമസഭാ മണ്ഡലമാണ് നേമം. 2016ലെ തെരഞ്ഞെടുപ്പിൽ ഒ രാജ​ഗോപാലിലൂടെ ബി ജെ പി ആദ്യമായി സംസ്ഥാനത്ത് നിയമസഭാ അക്കൗണ്ട് തുറന്നതോടെയാണ് ഇരുമുന്നണികൾക്കും നേമം അഭിമാന പോരാട്ടമാകുന്നത്. 8671 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് രാജ​ഗോപാൽ ആദ്യമായി നിയമസഭയിലെത്തുന്നത്.