
കൊൽക്കത്ത: തിരഞ്ഞെടുപ്പ് ആസന്നമായിരിക്കുന്ന അഞ്ച് സംസ്ഥാനങ്ങളിൽ ബി.ജെ.പി വിരുദ്ധ പ്രചാരണത്തിന് ആരംഭമിട്ട് കർഷകർ. കർഷകവിരുദ്ധ നയങ്ങൾ നടപ്പിലാക്കുന്ന ബി.ജെ.പിക്ക് വോട്ട് ചെയ്യരുതെന്ന് ജനങ്ങളോട് നേരിട്ട് അഭ്യർത്ഥിക്കാനാണ് കർഷകരുടെ പദ്ധതി. ഇതിന്റെ ഭാഗമായി ബംഗാളിലെ നന്ദിഗ്രാമിൽ കർഷക സംഘടനകൾ ഇന്നലെ റാലി നടത്തി. ഇന്ന് കൊൽക്കത്തയിലും നാളെ സിംഗൂരിലും അസൻസോളിലും കർഷക സംഘടനകൾ വിവിധ പ്രതിഷേധ പരിപാടികൾക്ക് ആഹ്വാനം ചെയ്തു. കേരളം, പുതുച്ചേരി, അസം, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലെത്തി കർഷകർ പ്രചാരണ പരിപാടികൾ നടത്തും. ഹരിയാനയിലെ കുരുക്ഷേത്രയിൽ ഇന്നലെ ഭാരതീയ കിസാൻ യൂണിയന്റെ നേതൃത്വത്തിൽ പ്രതിഷേധം നടത്തിയിരുന്നു.
ബി.ജെ.പിയെ തോൽപ്പിക്കണമെന്നു മാത്രമേ ജനങ്ങളോട് അഭ്യർത്ഥിക്കുകയുള്ളൂവെന്നും ഏതെങ്കിലും പ്രതിപക്ഷ പാർട്ടിക്കായി വോട്ട് ചോദിക്കില്ലെന്നും സംയുക്ത കിസാൻ മോർച്ച അറിയിച്ചു.
അതേസമയം, പ്രതിപക്ഷ പാർട്ടികൾക്കെതിരെ ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടിക്കായത്ത് രംഗത്തു വന്നു. നരേന്ദ്ര മോദി സർക്കാർ വേട്ടയാടുമെന്ന് ഭയന്ന് പ്രതിപക്ഷ പാർട്ടികൾ കർഷക സമരങ്ങൾക്ക് പിന്തുണ നൽകുന്നില്ലെന്ന് ടിക്കായത്ത് പറഞ്ഞു.
നാളെ കർഷകർ കോർപറേറ്റ് വിരുദ്ധ ദിനമായും സർക്കാർ വിരുദ്ധ ദിനമായും ആചരിക്കും.
ഭഗത് സിംഗിന്റെ രക്തസാക്ഷി ദിനമായ 23 ന് ഡൽഹി അതിർത്തികളിൽ നടക്കുന്ന കർഷകരുടെ പ്രതിഷേധത്തിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ചെറുപ്പക്കാർ പങ്കുചേരും. 28 ന് കാർഷക വിരുദ്ധ നിയമങ്ങൾ കത്തിക്കുമെന്ന് കർഷക സംഘടനകൾ അറിയിച്ചു.
സമരം നീളും: സമര പന്തലിന് സമീപം വീട് നിർമ്മിച്ച് കർഷകർ
സമര പന്തലുകൾക്ക് പകരം ഇഷ്ടിക കൊണ്ട് കെട്ടി സിമിന്റ് തേച്ച വീടുകൾ നിർമ്മിച്ച് ഡൽഹി അതിർത്തിയിൽ സമരം ചെയ്യുന്ന കർഷകർ. സമരം ദീർഘ നാളത്തേക്ക് നീട്ടുന്നതിന് മുന്നോടിയായാണിത്.കർഷസമരം അഞ്ചുമാസം പിന്നിട്ടതിന്റെ പശ്ചാത്തലത്തിൽ സ്ഥിരമായ അഭയം എന്ന രീതിയിലാണ് കർഷകർ വീട് നിർമ്മിച്ചത്.തിക്രി അതിർത്തിക്ക് സമീപം കിസാൻ സോഷ്യൽ ആർമി 25 വീടുകൾ നിർമ്മിച്ചെന്നാണ് റിപ്പോർട്ട്.
ഈ വീടുകൾ കർഷകരുടെ മനസുപോലെ കരുത്തേറിയതും സ്ഥിരവുമാണ്.വരും ദിവസങ്ങളിൽ 1000-2000 വീടുകൾ നിർമ്മിക്കും - കിസാൻ സോഷ്യൽ ആർമി പറഞ്ഞു.
20,000 മുതൽ 25,000 വരെയാണ് ഒരു വീടിന്റെ നിർമ്മാണത്തിനായി ചെലവ് വരുന്നത്. സൗജന്യമായാണ് നിർമ്മാണ ജോലികൾ ചെയ്തുകൊടുക്കുന്നത്. എന്നാൽ, നിർമ്മാണ സാമഗ്രികൾ വാങ്ങുന്നതിനായി കർഷകർ പണം നല്കണം.