
തിരുവനന്തപുരം: നടൻ വിനു മോഹന്റെ പേരും ബിജെപി തങ്ങളുടെ സ്ഥാനാർത്ഥി പട്ടികയിൽ ഉൾപ്പെടുത്തിയതായി വിവരം. കൊട്ടാരക്കര മണ്ഡലത്തിലാണ് ബിജെപി നടന്റെ പേര് ഉൾപ്പെടുത്തിയിരിക്കുന്നത്. ഒരു മലയാള വാർത്താ മാദ്ധ്യമമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. അതേസമയം ഈയടുത്ത് ബിജെപിയിൽ ചേർന്ന നടൻ കൃഷ്ണകുമാർ തിരുവനന്തപുരത്ത് മത്സരിപ്പിക്കാനും പാർട്ടി ആലോചിക്കുന്നുണ്ട്.
നടനും എംപിയുമായ സുരേഷ് ഗോപി തൃശൂരിൽ മത്സരിക്കുകയാണെങ്കിലാണ് കൃഷ്ണകുമാർ തിരുവനന്തപുരത്തേക്ക് പരിഗണിക്കപ്പെടുക. മത്സരിക്കാൻ അധികം താത്പര്യം കാട്ടാത്ത സുരേഷ് ഗോപിയെ അനുനയിപ്പിക്കാനാണ് ബിജെപി നേതൃത്വം ശ്രമിക്കുന്നത്. കഴക്കൂട്ടം മണ്ഡലത്തിന്റെ കാര്യത്തിലും നിലവിൽ ആശയക്കുഴപ്പം നിലനിൽക്കുന്നുണ്ട്. മന്ത്രി കൂടിയായ എൽഡിഎഫിന്റെ കടകംപള്ളി സുരേന്ദ്രനെതിരെ ഇവിടെ ആരെ രംഗത്തിറക്കുമെന്ന കാര്യത്തിൽ ഇന്ന് തീരുമാനമുണ്ടായേക്കും.
ആദ്യം കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്റെ പേരാണ് കഴക്കൂട്ടത്ത് പരിഗണിച്ചിരുന്നതെങ്കിലും, പിന്നീട് കേന്ദ്ര നേതൃത്വം ഇവിടെ ശോഭാ സുരേന്ദ്രൻ മത്സരിക്കണമെന്ന് ബിജെപി കേന്ദ്ര നേതൃത്വം നിർദ്ദേശിച്ചുവെന്ന് വാർത്തകളുണ്ടായിരുന്നു. കേരളത്തിൽ ആകെ 115 സീറ്റുകളില്‍ ബിജെപി മത്സരിക്കുമെന്നും വിവരമുണ്ട്. തിരഞ്ഞടുപ്പ് സമിതി യോഗത്തിനുശേഷം ബിജെപി ദേശീയ നേതാക്കളും സംസ്ഥാന പാര്‍ട്ടി നേതൃത്വവും വീണ്ടും യോഗം ചേരും. ഇതിന് ശേഷമാകും സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുക.