
ഭോപ്പാൽ: ഇന്ത്യയിൽ നിന്ന് ആറിലേറെ പുതിയ വാക്‌സിനുകൾ കൂടി പുറത്തിറങ്ങുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർദ്ധൻ. കൊവാക്‌സിനും, കൊവിഷീൽഡും നിലവിൽ 71 ലോകരാജ്യങ്ങൾ ഉപയോഗിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നമ്മുടെ ശാസ്ത്രജ്ഞരുടെ പരിശ്രമങ്ങൾ പ്രശംസനീയമാണ്. കൊവിഡ് വർഷം എന്നതിലുപരി 2020 ശാസ്ത്രത്തിന്റെയും ശാസ്ത്രജ്ഞരുടെയും വർഷമായി ഓർമിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. ഭോപ്പാലിലെ എൻ.ഐ.ആർ.ഇ.എച്ചിലെ പുതിയ ഗ്രീൻ ക്യാമ്പസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഒരു പുതിയ ഇന്ത്യയെ രൂപപ്പെടുത്താനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശ്രമം. ശാസ്ത്രത്തെ നാം ബഹുമാനിക്കണം. വാക്‌സിന്റെ പേരിലുള്ള രാഷ്ട്രീയം അവസാനിപ്പിക്കേണ്ടതുണ്ട്. ഇത് ശാസ്ത്രീയ പോരാട്ടമാണ്. അതുകൊണ്ടാണ് ഞങ്ങൾ ഒന്നിച്ച് പ്രവർത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യ ഉത്പാദിപ്പിച്ച രണ്ട് വാക്‌സിനുകൾ 71 രാജ്യങ്ങൾക്ക് നൽകി. നിരവധി വലിയ രാജ്യങ്ങൾ ഇന്ത്യയോട് വാക്‌സിൻ ആവശ്യപ്പെടുന്നുണ്ട്. കാനഡ, ബ്രസീൽ മറ്റ് നിരവധി വികസിത രാജ്യങ്ങൾ ഇന്ത്യയുടെ വാക്‌സിൻ അത്യുത്സാഹത്തോടെ ഉപയോഗിക്കുന്നുണ്ട്. അര ഡസനിലേറെ പുതിയ വാക്‌സിനുകൾ ഇന്ത്യയിൽ നിന്ന് പുറത്തുവരുമെന്നും അദ്ദേഹം പറഞ്ഞു.
തുടക്കകാലത്ത് രാജ്യത്ത് ഒരു കൊവിഡ് പരിശോധനാ കേന്ദ്രം മാത്രമേ ഉണ്ടായിരുന്നുള്ളു. എന്നാൽ, ഇന്ന് 2412 പരിശോധന കേന്ദ്രങ്ങളുണ്ട്. 23 കോടി കോവിഡ് പരിശോധന ഇതുവരെ നടത്തി. രാജ്യത്തുടനീളം 1.84 കോടി ഡോസുകൾ ആളുകൾക്ക് നൽകി. കഴിഞ്ഞ ദിവസം മാത്രം 20 ലക്ഷം പേർ വാക്‌സിനെടുത്തു.