
തിരുവനന്തപുരം:സി.പി.ഐ മത്സരിക്കുന്ന മൂന്ന് സീറ്റുകളിൽ കൂടി പിന്നാക്കക്കാരായ സ്ഥാനാർത്ഥികളെ നിറുത്താൻ തീരുമാനിച്ചു. സ്ഥാനാർത്ഥി നിർണ്ണയത്തിൽ പിന്നാക്ക സമുദായങ്ങളെ പാർട്ടി അവഗണിക്കുന്നുവെന്ന ആക്ഷേപം ശക്തമാവുന്നതിനിടെയാണിത്. ഇന്നലെ പ്രഖ്യാപിച്ച നാല് സീറ്റുകളിൽ ചടയമംഗലം , ഹരിപ്പാട്,പറവൂർ എന്നിവയാണ് പിന്നാക്കക്കാർക്ക് നീക്കി വച്ചത്. നാലാമത്തെ സീറ്റായ നാട്ടിക പട്ടികജാതി സംവരണമാണ്. ഇതോടെ, പിന്നാക്കക്കാർക്കു ലഭിച്ച സീറ്റുകൾ ആറായി.
സി.പി.ഐ മത്സരിക്കുന്ന 25 സീറ്റിൽ 21ലെ സ്ഥാനാർത്ഥികളെയാണ് ആദ്യ ഘട്ടത്തിൽ പ്രഖ്യാപിച്ചത്. ഇതിൽ പിന്നാക്കക്കാർക്ക് 3 സീറ്റ് മാത്രം. ജനസംഖ്യയിൽ 60 ശതമാനത്തിലേറെ ഈഴവരുള്ള ആലപ്പുഴ ജില്ലയിലെ ചേർത്തലയിൽ പോലും സമുദായത്തെ അവഗണിച്ചതും വ്യാപക
പ്രതിഷേധത്തിനിടയാക്കിയത് കേരളകൗമുദി വെള്ളിയാഴ്ച റിപ്പോർട്ട് ചെയ്തിരുന്നു.
തുടർന്ന്,പാർട്ടിയിലെയും പുറത്തെയും പൊതു വികാരം കൂടി കണക്കിലെടുത്താണ്, അവശേഷിച്ച മൂന്ന് ജനറൽ സീറ്റും പിന്നാക്കക്കാർക്ക് (ചടയമംഗലം,ഹരിപ്പാട്-ഈഴവ,പറവൂർ-ലത്തീൻ) നൽകാൻ തീരുമാനിച്ചതെന്നറിയുന്നു.
പിന്നാക്ക വിഭാഗങ്ങൾക്ക് എൽ.ഡി.എഫിൽ 33 സീറ്റ്
എൽ.ഡി.എഫ് പിന്നാക്ക വിഭാഗങ്ങൾക്ക് നൽകിയ സീറ്റുകളുടെ എണ്ണം ഇതോടെ 33 ആയി. സി.പി.എം-24 (ഈഴവ-20,ധീവര-1,ലത്തീൻ-1,കുമ്പാര-1,പത്മശാലിയ-1).സി.പി.ഐ-6 (ഈഴവ-5,ലത്തീൻ-1). ജനതാദൾ-2 (ഈഴവ-1,ഹിന്ദു നാടാർ-1).കോൺ.എസ്-1 ( ഗണക).