modi

ധാക്ക: പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെ നേപ്പാൾ, ശ്രീലങ്ക, ഭൂട്ടാൻ, മാലിദ്വീപ് എന്നിവിടങ്ങളിൽ നിന്നുള്ള രാഷ്ട്രത്തലവന്മാർ ഈ മാസം ബംഗ്ലാദേശ് സന്ദർശിക്കും. പാകിസ്ഥാനിൽ നിന്ന് രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ചതിന്റെ സുവർണ്ണ ജൂബിലി ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് ലോകനേതാക്കളെ ക്ഷണിച്ചത്. 1971 ലെ വിമോചന യുദ്ധത്തിനുശേഷം പാകിസ്ഥാനിൽ നിന്ന് രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ചതിന്റെ സുവർണ ജൂബിലി മാർച്ച് 17 മുതൽ 27 വരെയാണ് നടത്താൻ നിശ്ചയിച്ചിരിക്കുന്നത്. രാഷ്ട്രപിതാവ് ഷെയ്ഖ് മുജിബുർ റഹ്മാന്റെ ജന്മശതാബ്ദി ആഘോഷവും ഇതിനോടൊപ്പം ആഘോഷ പൂർണമായി നടത്താനാണ് ബംഗ്ലാദേശ് സർക്കാർ തീരുമാനം. പ്രധാനമന്ത്രി മോദിയും നേപ്പാൾ, ശ്രീലങ്ക, ഭൂട്ടാൻ, മാലിദ്വീപ് എന്നിവിടങ്ങളിൽ നിന്നുള്ള നാല് രാഷ്ട്രത്തലവന്മാരും ആഘോഷങ്ങളിൽ പങ്കെടുക്കുന്ന വിശിഷ്ട വിദേശ അതിഥികളിൽ ഉൾപ്പെടുമെന്ന് ബംഗ്ലാദേശ് സർക്കാരിന്റെ പ്രിൻസിപ്പൽ ഇൻഫർമേഷൻ ഓഫീസർ സൂറത്ത് കുമാർ സർക്കാർ പറഞ്ഞു. മാലദ്വീപ് പ്രസിഡന്റ് ഇബ്രാഹിം മുഹമ്മദ് സോളി മാർച്ച് 17 ന് മൂന്ന് ദിവസത്തെ പര്യടനത്തിൽ എത്തും. പ്രധാനമന്ത്രി നരേന്ദ്ര മോദി മാർച്ച് 26 ന് രണ്ട് ദിവസത്തെ സന്ദർശനത്തിന് ബംഗ്ലാദേശിലെത്തും.