cpm

ആറ്റിങ്ങല്‍, കോവളം: തിരുവായ്ക്ക് എതിര്‍വായില്ലാതെ പോകുമ്പോള്‍ പ്രതികരിക്കാന്‍ കഴിയുന്നത് ഇടതുപക്ഷത്തിനു മാത്രമാണെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ആറ്റിങ്ങല്‍ മണ്ഡലത്തിലെ ഇടതു മുന്നണി കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസിനു പ്രതികരിക്കാന്‍ കഴിയാതെയായിരിക്കുന്നു. കോണ്‍ഗ്രസിന്റെ ഈ നിലപാട് മാറ്റണമെന്ന് പറയുന്നത് അവരുടെ തന്നെ പ്രമുഖരായ നേതാക്കളാണ്. ബിജെപിക്കെതിരെ പ്രതികരിക്കാന്‍ കഴിയാത്ത കൂട്ടരായി അവര്‍ മാറി കഴിഞ്ഞു. കോണ്‍ഗ്രസായി ജയിച്ചാല്‍ ബിജെപിയായി ഭരിക്കുകയാണ് ചെയ്യുന്നത്.

15 വര്‍ഷത്തെ ബിജെപി ഭരണത്തില്‍ പൊറുതിമുട്ടിയ മദ്ധ്യപ്രദേശിലെ ജനങ്ങള്‍ കോണ്‍ഗ്രസിനെ അധികാരത്തിലെത്തിച്ചു. എന്നാല്‍ ഇപ്പോള്‍ അവര്‍ ബിജെപിയായി ഭരിക്കുന്നു. പോണ്ടിച്ചേരിയില്‍ ബിജെപി അദ്ധ്യക്ഷന്‍ നേരിട്ടായിരുന്നു പ്രവര്‍ത്തനം നിയന്ത്രിച്ചത്. അതിനായി അദ്ദേഹം ചെന്നൈയില്‍ വിമാനം ഇറങ്ങുമ്പോള്‍ രാഹുല്‍ഗാന്ധി കോഴിക്കോട് വിമാനമിറങ്ങി. വയനാട്ടില്‍ ട്രാക്റ്റര്‍ ഓടിച്ചു. ഇതേ സമയം പുതച്ചേരിയിലെ കോണ്‍ഗ്രസ് മുഴുവനായി ബിജെപിയായി മാറി. കൊല്ലത്ത് രാഹുല്‍ ഗാന്ധി കടലില്‍ ചാടിയത് എന്തിനാണ്. കടലിലാണോ ബിജെപിയുള്ളത്.

കരയിലുള്ള ബിജെപിക്കെതിരെ പൊരുതാന്‍ കഴിവില്ലെന്ന് കോണ്‍ഗ്രസ് തെളിയിച്ചു കൊണ്ടേയിരിക്കുന്നു. ബിജെപിക്ക് ബദലാകാന്‍ കോണ്‍ഗ്രസിനു കഴിയില്ലെന്ന് അവര്‍ തെളിയിച്ചു കൊണ്ടേയിരിക്കുന്നു. കേരളത്തില്‍ കഴിഞ്ഞ അഞ്ചു വര്‍ഷം കൊണ്ട് കേരളത്തില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയ ജനങ്ങളാണ് തുടര്‍ ഭരണം ആഗ്രഹിക്കുന്നു. കോവിഡ് കാലത്ത് എല്ലാവര്‍ക്കും ഭക്ഷണം നല്‍കാന്‍ സര്‍ക്കാരിനു കഴിഞ്ഞു. കോവിഡ് കാലത്ത് ബോദ്ധ്യപ്പെട്ടതാണ് വര്‍ക്ക് അറ്റ് ഹോം. അതിനായി ബജറ്റില്‍ പ്രത്യേകം പണം വകയിരുത്തി.

അസാദ്ധ്യമെന്ന് തള്ളിക്കളഞ്ഞ കാര്യങ്ങള്‍ സര്‍ക്കാര്‍ സാദ്ധ്യമാക്കി. ഗെയില്‍ പദ്ധതി അതാണ്.റോഡുകളും പാലങ്ങളും എല്ലാം നടപ്പിലാക്കി വരുന്ന.ു വൈദ്യുതിയുടെ കാര്യത്തില്‍ മികച്ച മുന്നേറ്റമുണ്ടാക്കി. കൂടംകുളം വൈദ്യുതി കേരളത്തില്‍ എത്തിച്ചു. എല്ലാവര്‍ക്കും ഗുണനിലവാരമുള്ള വൈദ്യുതി എത്തിക്കാനും കഴിഞ്ഞു. ഇടതുപക്ഷം നല്‍കിയ വാഗ്ദാനങ്ങളില്‍ ഇതില്‍ 30 എണ്ണം ഒഴിച്ച് നാല് വര്‍ഷം കൊണ്ട് നടപ്പിലാക്കി. നല്‍കിയ വാഗ്ദാനങ്ങള്‍ നടപ്പിലാക്കുന്നതാണ് ഇടതുമുന്നണിയുടെ നയം. 70 ലക്ഷം പേര്‍ക്ക് പെന്‍ഷന്‍ നല്‍കുന്ന സംസ്ഥാനമാണ് കേരളം. എല്ലാ വീടുകളിലും സാമ്പത്തികമായ സുരക്ഷിതത്വമാണ് ഇടതുപക്ഷത്തിന്റെ ലക്ഷ്യമെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

അതേസമയം, ഈ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ ഇടതുമുന്നണി തന്നെയാണ് ജയിക്കേണ്ടതെന്ന കാര്യത്തില്‍ സംശയമില്ലെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എംഎ ബേബി പറഞ്ഞു. ഇടതുമുന്നണി കോവളം മണ്ഡലം കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യവേയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഡല്‍ഹിയിലെ കൃഷിക്കാര്‍ ആത്മഹത്യ ചെയ്യുകയാണ്. അവരെ കേന്ദ്ര സര്‍ക്കാര്‍ കൊലപ്പെടുത്തുകയാണ്. അത്തരം നയങ്ങള്‍ നടപ്പിലാക്കി കര്‍ഷക ദ്രോഹ നടപടികളുമായി മുന്നോട്ട് പോകുകയാണ്. ഈ നയങ്ങള്‍ക്കെതിരെ പ്രതികരിക്കാന്‍ ഇടതുമുന്നണിക്കു മാത്രമെ കഴിയുകയുള്ളു.

ഇടതുപക്ഷക്കാരല്ലാത്ത സാഹിത്യകാരന്മാര്‍ അടക്കം ഇപ്പോള്‍ തുടര്‍ ഭരണം ആഗ്രഹിക്കുന്നവരാണ്. അവരൊക്കെ കാര്യങ്ങള്‍ മനസിലാക്കിയാണ് മുന്നോട്ട് പോകുന്നത്. അതുകൊണ്ടു തന്നെ കേരളത്തിന്റെ ഇപ്പോഴത്തെ സാഹചര്യങ്ങള്‍ ജനങ്ങള്‍ക്കു മുന്നില്‍ നിരത്തണം. ആരോഗ്യ രംഗത്ത് കേരളം കൈവരിച്ച നേട്ടം എടുത്തു പറയണം. വിദ്യാഭ്യാസ രംഗത്തെ നേട്ടങ്ങള്‍ എല്ലാവര്‍ക്കും അറിയാമെങ്കിലും വിശദമായി ജനങ്ങള്‍ക്കു മുന്നില്‍ ചര്‍ച്ച ചെയ്യണം. വര്‍ഗീയതയ്‌ക്കെതിരായ പോരാട്ടം ഇടതുപക്ഷം നടത്തുകയാണ്. ജനങ്ങളെ ഭിന്നിപ്പിക്കുന്ന ശക്തികള്‍ക്കെതിരായ പോരാട്ടമാണ് നടത്താന്‍ ഇടതുമുന്നണിക്കു മാത്രമെ കഴിയുകയുള്ളുവെന്നും എംഎ ബേബി പറഞ്ഞു.