
ലക്നൗ: ഒറ്റയ്ക്കുള്ള ജീവിതം മടുത്തു...വിവാഹം കഴിയ്ക്കാൻ ആളെ കിട്ടുന്നില്ല. ഒരു പരിഹാരം കണ്ടെത്തി തരണം... ലക്നൗ സ്വദേശിയായ 26കാരൻ അസിം മൻസൂറാണ് വിചിത്ര ആവശ്യവുമായി പൊലീസിനെ സമീപിച്ചിരിക്കുന്നത്. രണ്ടടി മാത്രമാണ് അസിമിന്റെ ഉയരം. വീട്ടിൽ വിവാഹാലോചനയുമായെത്തുന്നവർ തന്നെ കാണുന്നതോടെ ആലോചന വേണ്ടെന്ന് വച്ച് മടങ്ങുന്നെന്നാണ് അസിമിന്റെ പരാതി.
അഞ്ച് സഹോദരങ്ങളിൽ ഏറ്റവും ഇളയവനായ അസിം വധുവിനെ തിരയാനാരംഭിച്ചിട്ട് അഞ്ച് കൊല്ലമായി. സൗന്ദര്യവർദ്ധക വസ്തുക്കൾ വിൽക്കുന്ന കട നടത്തുകയാണ് അസിം. പൊക്കക്കുറവിനെ ചൊല്ലി സഹപാഠികൾ നിരന്തരമായി കളിയാക്കിയതിനെ തുടർന്ന് അഞ്ചാം ക്ലാസിൽ പഠനം അവസാനിപ്പിച്ചു.
ഇരുപത്തിയൊന്ന് വയസ് മുതൽ മാതാപിതാക്കൾ അസിമിന് വേണ്ടി വധുവിനെ തിരഞ്ഞിരുന്നു. എന്നാൽ, ഉയരക്കുറവ് മൂലം എല്ലാം മുടങ്ങി. കല്യാണം നടക്കുമോയെന്നോർത്ത് രാത്രിയിൽ ശരിക്കുറങ്ങാൻ പോലും കഴിയുന്നില്ലെന്ന് അസിം പൊലീസിനോട് പറഞ്ഞു. ഇക്കാര്യത്തിൽ ഞങ്ങൾക്ക് എന്തുചെയ്യാൻ കഴിയുമെന്ന് അറിയില്ല, എന്നാൽ ഞങ്ങൾ പരമാവധി ശ്രമിക്കും' -ശമ്ലി കോട്വാലി എസ്.എച്ച്.ഒ സത്പാൽ സിംഗ് പറഞ്ഞു
ഇതേ ആവശ്യമുന്നയിച്ച് യു.പി മുൻ മുഖ്യമന്ത്രി അഖിലേഷ് യാദവിനേയും അസിം നേരത്തെ സമീപിച്ചിരുന്നു. വീട്ടുകാർ വിവാഹക്കാര്യത്തിൽ താത്പര്യം കാണിക്കുന്നില്ല എന്നായിരുന്നു അസിമിന്റെ പരാതി. എട്ട് മാസങ്ങൾക്ക് മുമ്പ് സബ് ഡിവിഷണൽ മജിസ്‌ട്രേറ്റിൽ നിന്ന് സഹായം തേടി അസിം കൈരാന പൊലീസ് സ്‌റ്റേഷനിൽ എത്തിയിരുന്നു. പിന്നീട് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും അസിം ഇക്കാര്യം സംബന്ധിച്ച് കത്തെഴുതിയിരുന്നു. എന്നാൽ ഇരുവരിൽ നിന്നും പ്രതികരണം ലഭിക്കാതിരുന്നതിനെ തുടർന്നാണ് അസിം വീണ്ടും പൊലീസ് സഹായം തേടിയത്.