mamata-banerjee

കൊൽക്കത്ത: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിക്ക് സംഭവിച്ചത് അപകടമാണെന്നും ആക്രമണമുണ്ടായതിന് തെളിവില്ലെന്നും പ്രത്യേക നിരീക്ഷകർ തിരഞ്ഞെടുപ്പ് കമ്മീഷൻ റിപ്പോർട്ട് നൽകി. ആക്രമണത്തിലാണ് മമതയ്ക്ക് പരിക്കേറ്റതെന്ന വാദം പ്രത്യേക നിരീക്ഷകരായ വിവേക് ദുബെ, അജയ് നായിക് എന്നിവർ തള്ളികളഞ്ഞു.

സംഭവം നടക്കുമ്പോൾ മമത പൊലീസിന് നടുവിലായിരുന്നുവെന്നും റിപ്പോർട്ടിൽ വ്യക്തമാക്കി. വിഷയത്തിൽ ബംഗാൾ ചീഫ് സെക്രട്ടറി ആലാപൻ ബന്ദോപാധ്യായ നേരത്തെ നൽകിയ റിപ്പോർട്ടിൽ അതൃപ്തി പ്രകടിപ്പിച്ച തിരഞ്ഞെടുപ്പ് കമ്മീഷൻ അദ്ദേഹത്തിൽ നിന്ന് വിശദമായ റിപ്പോർട്ട് തേടിയിട്ടുണ്ട്.

തിരഞ്ഞെടുപ്പ് കമ്മീഷന് റിപ്പോർട്ട് സമർപ്പിക്കുന്നതിന് മുന്നോടിയായി പ്രത്യേക നിരീക്ഷകരായ വിവേക് ദുബെ, അജയ് നായക് എന്നിവർ ബംഗാളിലെ നന്ദിഗ്രാമിലെ അപകട സ്ഥലത്ത് പരിശോധന നടത്തിയിരുന്നു.

നേരത്തെ മമതയ്ക്ക് നേരെയുണ്ടായ ആക്രമണത്തിന് പിന്നിൽ ആഴത്തിലുള്ള ഗൂഢാലോചനയുണ്ടെന്ന് തൃണമൂൽ കോൺഗ്രസ് ആരോപിച്ചിരുന്നു. ഇക്കാര്യത്തിൽ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിരുന്നു. ആക്രമണം യാദൃശ്ചികമല്ലെന്നും മുഖ്യമന്ത്രിയെ വകവരുത്താൻ നടന്ന ഗൂഢാലോചനയുടെ ഭാഗമാണെന്നതിന് യാതൊരു സംശവുമില്ലെന്നും ഇതിന് പിന്നിൽ ബി.ജെ.പിയാണെന്നും അവർ ആരോപിച്ചു.