nanda

മുംബയ്: മഹാരാഷ്ട്ര സർക്കാർ ഏർപ്പെടുത്തിയ സാഹിത്യ അക്കാദമി പുരസ്‌കാരം നിരസിച്ച് പ്രമുഖ മറാത്തി എഴുത്തുകാരൻ നന്ദ ഖാരെ. 'എനിക്ക് ജനങ്ങളിൽ നിന്നും അഭിനന്ദനവും ബഹുമാനവും ലഭിച്ചു. സർക്കാരിൽ നിന്ന് ഒരു ബഹുമതിയും ആവശ്യമില്ല. അടിയന്തരാവസ്ഥയുടെ നാളുകളിലൂടെ ഞാൻ കടന്നുപോയിട്ടുണ്ട്. പക്ഷേ, രാജ്യത്തെ അപ്രഖ്യാപിത അടിയന്തരാവസ്ഥയാണ് കൂടുതൽ ഭീകരം.' പുരസ്‌കാരം നിരസിച്ചതിനെ കുറിച്ച് നന്ദ ഖാരെ പറഞ്ഞു.

2014ൽ പ്രസിദ്ധീകരിച്ച ഇദ്ദേഹത്തിന്റെ 'ഉദ്യ' എന്ന നോവലിനായിരുന്നു പുരസ്‌കാരം. മനുഷ്യരെ യന്ത്രങ്ങൾ അടിമകളാക്കുന്ന കാലത്തെക്കുറിച്ചുള്ളതാണ് കൃതി.

കഴിഞ്ഞ നാല് വർഷമായി സർക്കാരിൽ നിന്ന് യാതൊരു പുരസ്‌കാരവും സ്വീകരിച്ചിട്ടില്ലെന്ന് നന്ദ ഖാരെ പറഞ്ഞു. 'കഴിഞ്ഞ ഏതാനും വർഷമായി നമ്മൾ പിന്നിലേക്ക് നടക്കുകയാണ്. മുമ്പൊന്നും ഇങ്ങനെയായിരുന്നില്ല. അഭിപ്രായ വ്യത്യാസങ്ങളുണ്ടായിരുന്നെങ്കിലും ആളുകൾക്ക് പരസ്പര ബഹുമാനമുണ്ടായിരുന്നു.വാക്കുകൾ പഴയതുപോലെയാണെങ്കിലും ഇന്ത്യൻ ഭരണഘടനയുടെ ആത്മാവിന് മാറ്റം വന്നിരിക്കുന്നുവെന്നും" അദ്ദേഹം പറഞ്ഞു.