congress

തിരുവനന്തപുരം: മലമ്പുഴ മണ്ഡലത്തിൽ കോൺഗ്രസ് തന്നെ മത്സരിക്കുമെന്ന് തീരുമാനം. ഇതുമായി ബന്ധപ്പെട്ട പ്രാദേശിക പ്രതിഷേധങ്ങൾക്ക് പിന്നാലെ തങ്ങൾക്ക് നൽകിയ സീറ്റ് വേണ്ടെന്നു പറഞ്ഞുകൊണ്ട് ഭാരതീയ നാഷണല്‍ ജനതാ ദള്‍ കോൺഗ്രസിനെ സമീപിക്കുകയായിരുന്നു. കോൺഗ്രസ് ഈ സീറ്റ് തിരിച്ചെടുക്കുമെന്നാണ് വിവരം. ഏലത്തൂർ സീറ്റ് നൽകിയില്ലെങ്കിൽ തങ്ങൾ മത്സരിക്കില്ലെന്നും പാർട്ടി പ്രസിഡന്റ് അഡ്വ. ജോണ്‍ ജോണ്‍ പറഞ്ഞിട്ടുണ്ട്.

എലത്തൂര്‍ സീറ്റ് മതിയെന്ന ആവശ്യം ഉന്നയിച്ചുകൊണ്ട് മുന്നോട്ട് പോകാനാണ് തൃശൂരില്‍ ചേര്‍ന്ന പാർട്ടി സംസ്ഥാന സമിതി യോഗത്തിന്‍റെ തീരുമാനം. ഭാരതീയ ദേശീയ ജനതാ ദളിന് സീറ്റ് നൽകുന്നതിനെതിരെ മണ്ഡലത്തിലെ കോൺഗ്രസ് പ്രവർത്തകർ തെരുവിൽ പ്രതിഷേധം നടത്തിയിരുന്നു. ദുർബലരായ യുഡിഎഫ് ഘടകകക്ഷികൾക്ക് സീറ്റ് നൽകിയെന്നാരോപിച്ചായിരുന്നു പ്രതിഷേധം.

ബിജെപിയെ സഹായിക്കുന്നതിന് വേണ്ടിയാണ് മലമ്പുഴ ഘടകകക്ഷിക്ക് കൈമാറിയതെന്നും കോൺഗ്രസ് പ്രവർത്തകർ ആരോപിച്ചിരുന്നു. കെട്ടിയിറക്കുന്ന സ്ഥാനാര്‍ഥികളെ ചുമക്കേണ്ടി വരുന്നതുകൊണ്ടാണ് മലമ്പുഴയിൽ കോൺഗ്രസ് പിന്നിലാകുന്നതെന്നും പാർട്ടി പ്രവർത്തകർക്ക് അഭിപ്രായമുണ്ട്. ഈ വിഷയത്തിൽ ഇന്നും പുതുശേരിയിൽ പ്രകടനം നടത്തിയ കോൺഗ്രസ് പ്രവർത്തകർ ഡിസിസി ഭാരവാഹികളുടെ നേതൃത്വത്തിൽ കൺവെൻഷൻ വിളിച്ചിരുന്നു.

തുടർന്ന് ഡിസിസി ജനറല്‍ സെക്രട്ടറി എസ്കെ അനന്തകൃഷ്ണനെ മലമ്പുഴയിൽ മത്സരിപ്പിക്കണമെന്ന പ്രമേയം കൺവെൻഷൻ പാസാക്കി. ഇന്നലെ രാത്രി മുതൽ മണ്ഡലത്തിലെ വിവിധ സ്ഥലങ്ങളിൽ കോൺഗ്രസ് പ്രവർത്തകർ ഈ വിഷയത്തിൽ പ്രതിഷേധം നടത്തിയിരുന്നു. മണ്ഡലത്തിൽ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉയര്‍ത്തുന്ന കലാപത്തിന് മുന്നില്‍ പിടിച്ചു നില്‍ക്കാനാവില്ലെന്ന ചിന്തയും ഭാരതീയ നാഷണല്‍ ജനതാദള്‍ മലമ്പുഴ കൈവിടുന്നതിന് കാരണമായിട്ടുണ്ടെന്നാണ് വിവരം.