k-muraleedharan

തിരുവനന്തപുരം; നേമത്തെ യുഡിഎഫ് സ്ഥാനാർത്ഥിയുടെ കാര്യം വലിയ മുന്നണി നേതൃത്വം ചർച്ചയാക്കേണ്ട കാര്യമില്ലായിരുന്നുവെന്നും നേമത്ത് ഉമ്മൻ ചാണ്ടിയുടെ പേര് വലിച്ചിഴയ്ക്കുന്നതിനോട് തനിക്ക് വലിയ യോജിപ്പുണ്ടായിരുന്നില്ല എന്നും കോൺഗ്രസിന്റെ വടകര എംപി കെ മുരളീധരൻ. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ പറഞ്ഞത്. തിരുവനന്തപുരത്ത് ഒ രാജഗോപാൽ ജയിക്കുകയില്ല. അങ്ങനെ സംഭവിച്ചാൽ ഇനി നിങ്ങളുടെ മുമ്പിലേക്ക് വരില്ല. കെ മുരളീധരൻ തന്റെ മുന്നിലിരിക്കുന്ന മാദ്ധ്യമപ്രവർത്തകനോട് പറഞ്ഞതിങ്ങനെയാണ്.

രമേശ് ചെന്നിത്തലയ്ക്ക് ഹരിപ്പാടിനോടും ഉമ്മൻ ചാണ്ടിക്ക് പുതുപ്പള്ളിയോടും തനിക്ക് വട്ടിയൂർക്കാവിനോടും ഉള്ളത് കുടുംബബന്ധമാണെന്നും കെ മുരളീധരൻ പറഞ്ഞു. നേമം പിടിച്ചെടുക്കാൻ വേണ്ടി പോകുമ്പോൾ ഉമ്മൻ ചാണ്ടിക്ക് കൈയ്യിലുള്ള പുതുപ്പള്ളി നഷ്ടപ്പെടും. മണ്ഡലവുമായുള്ള ബന്ധം വിട്ട് പോയാൽ ആ വിരോധം കൂടി കോൺഗ്രസിനോട് ഉണ്ടാകും. ആവശ്യമില്ലാത്ത വിവാദങ്ങൾ ഉണ്ടാക്കേണ്ട കാര്യമില്ല. നേമത്ത് ഉമ്മൻ ചാണ്ടിയുടെ പേര് വന്നതിനു പിന്നിൽ സംഘടിത ശ്രമമാണ് ഉള്ളതെന്ന് പറഞ്ഞുകൊണ്ട് കെ മുരളീധരൻ തനിക്കുള്ള അതൃപ്തി പരസ്യമാക്കുകയും ചെയ്തു.

നേരത്തെ തന്നെ നേമം കോൺഗ്രസ് ഏറ്റെടുത്ത് സ്ഥാനാർത്ഥിയെ നിർത്തിയിരുന്നെങ്കിൽ മണ്ഡലം സംബന്ധിച്ച് വിവാദം ഉണ്ടാകില്ലായിരുന്നുവെന്നും മുരളീധരൻ പറയുന്നു. നേമത്ത്, ശക്തനും അതിശക്തനും വരുമെന്ന് പറയുമ്പോൾ ഒരു പ്രതീക്ഷകളുണ്ടാകും. ഇനി സംസ്ഥാന തലത്തിലെ ഒരു നേതാവ് നേമത്ത് സ്ഥാനാർത്ഥിയായി വന്നാലും ഉമ്മൻ ചാണ്ടിയെയും രമേശ് ചെന്നിത്തലയേയും പരിഗണിച്ച സ്ഥാനത്ത് പുതിയ സ്ഥാനാർത്ഥി പോരാ എന്ന പ്രചാരണം സിപിഎം നടത്തും. കോൺഗ്രസും ബിജെപിയുമായുള്ള ധാരണയാണ് ഇതെന്ന് അവർ പറയും. മുരളീധരൻ പറഞ്ഞു.