
മുംബയ് സിറ്റി എഫ്.സി ഐ.എസ്.എൽ ചാമ്പ്യന്മാർ
ഫറ്റോർദ : ഐ.എസ്. എൽ കിരീടത്തിൽ ആദ്യമായി മുംബയ് മുത്തം. ഇന്നലെ നടന്ന ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബാളിന്റെ ഏഴാം സീസണിലെ ഫൈനലിൽ നിലവിലെ ചാമ്പ്യൻമാരായ എ.ടി.കെ മോഹൻ ബഗാനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് വീഴ്ത്തി മുംബയ് സിറ്റി എഫ്.സി ചാമ്പ്യൻമാരായി.ലീഗ് തലത്തിൽ പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്തെത്തിയ ടീമിനുള്ള ഐ.എസ്.എൽ ഷീൽഡും ഇത്തവണ സ്വന്തമാക്കിയ മുംബയ്ക്ക് ഇത് ഇരട്ടി മധുരമായി. ഒരു ഗോളിന് പിന്നിൽ നിന്ന ശേഷമാണ് രണ്ട് ഗോൾ തിരിച്ചടിച്ച് മുംബയ് കിരീടം സ്വന്തമാക്കിയത്.
കളിയുടെ അവസാന നിമിഷം ബിപിൻ സിംഗാണ് മുംബയ്യുടെ വിജയമുറപ്പിച്ച ഗോൾ നേടിയത്. ബിപിൻ സിംഗ് തന്നെയാണ് കളിയിലെ കേമൻ. എ.ടി.കെയുടെ ടിരിയുടെ വകയായി കിട്ടിയ സെൽഫ് ഗോളിലൂടെയാണ് മുംബയ് ഗോൾ അക്കൗണ്ട് തുറന്നത്. ഡേവിഡ് വില്യംസാണ് എ.ടി.കെയ്ക്കായി ലക്ഷ്യം കണ്ടത്. ഐ.എസ്.എൽ കിരീടം നേടുന്ന നാലാമത്തെ ടീമാണ് മുംബയ്. മത്സരത്തിൽ ഷോട്ടുകൾ ഉതിർത്തതിൽ ഉൾപ്പെടെ എ.ടി.കെയായിരുന്നു മുന്നിലെങ്കിലും പതറാതെ പൊരുതിയ മുംബയ് വിജയവും കിരീടവും സ്വന്തമാക്കുകയായിരുന്നു. ആദ്യ പത്ത് മിനിട്ടിൽ ഒരു ഗോൾ ശ്രമം പോലും കണ്ടില്ല.പതിനൊന്നാം മിനിട്ടിൽ ബഗാൻ ലീഡെടുത്തെന്ന് തോന്നിച്ചെങ്കിലും ഹാവി ഹെർണാണ്ടസിന്റെ ഫ്രീകിക്ക് പോസ്റ്റിൽ തട്ടിത്തെറിച്ചു. 18-ാം മിനിട്ടിൽ മുംബയ് പ്രതിരോധത്തിന്റെ പിഴവിൽ നിന്ന് വില്യംസ് ബഗാനായി ലക്ഷ്യം കണ്ടു. മുംബയുടെ അഹമ്മദ് ജാഹുവിൽ നിന്ന് പന്ത് തട്ടിയെടുത്ത റോയ് കൃഷ്ണ അത് വില്യംസിന് നൽകി. വില്യംസിന്റെ വെടിയുണ്ട പോലത്തെ ഷോട്ട് അമരീന്ദറിന് ഒരവസരവും നൽകാതെ മുംബയ് വലകുലുക്കി. 28-ാം മിനിട്ടിൽ മുംബയുടെ ബിപിൻ സിംഗിനെ ലക്ഷ്യം വച്ച് വന്ന ലോംഗ് ബാൾ പുറകോട്ടിറങ്ങി ഹെഡ്ഡ് ചെയ്ത് ക്ലിയർ ചെയ്യാനുള്ള ടിരിയുടെ ശ്രമം സ്വന്തം പോസ്റ്റിൽ പന്തെത്തിക്കുകയായിരുന്നു.ആദ്യ പകുതി അവസാനിക്കാറാകവെ മുംബയ്യുടെ അമേയ് റണവഡേയ്ക്ക് ഗുരുതരമായി പരിക്കേറ്റു. അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി.
ഇരുടീമിന്റെയും ഗോൾ ശ്രമങ്ങൾ ലക്ഷ്യം കാണാതെ മത്സരം എക്സ്ട്രാ ടൈമിലേക്ക് നീങ്ങവേയാണ് തൊണ്ണൂറാം മിനിട്ടിൽ മുംബയുടെ ബിപിൻ സിംഗ് വിജയ ഗോൾ നേടുന്നത്. ബഗാൻ ഗോൾ കീപ്പർ അരിന്ദം ഭട്ടാചാര്യയെ കബളിപ്പിച്ച് പന്ത് തട്ടിയെടുത്ത ബർത്തലോമായി ഒഗുബച്ചെയാണ് മുംബയുടെ വിജയ ഗോളിലേക്ക് വഴിവെട്ടിയത്.
അമേയ് വേഗം സുഖമാകട്ടെ
മഡ്ഗാവ്:ഐ.എസ്.എൽ ഫൈനലിനിടെ മുംബയ് സിറ്റി എഫ്.സി താരം അമേയ് റണവഡെയ്ക്ക് ഗുരുതരമായി പരിക്കേറ്റത് ഫുട്ബാൾ പ്രേമികളെയും കളിക്കാരേയും ദുഖത്തിലാഴ്ത്തി. ഫൈനലിന്റെ ആദ്യ പകുതിയിൽ എ.ടി.കെ മോഹൻ ബഗാൻ താരം ശുഭാശിഷ് ബോസുമായി കൂട്ടിയിടിച്ച് തെറിച്ച് വീണ റണവഡെയ്ക്ക് പെട്ടെന്ന് ശ്വാസതടസ്സം നേരിടുകയായിരുന്നു.
റൺവഡെ വീണയുടൻ മെഡിക്കൽ സംഘം താരത്തിനടുത്തേക്ക് ഓടിയെത്തി പ്രാഥമിക ശുശ്രൂഷ നൽകി. പിടിച്ച് എഴുന്നേൽപ്പിച്ച് നിറുത്താൻ ശ്രമിച്ചപ്പോൾ ശ്വാസം കിട്ടാതെ കുഴഞ്ഞുവീണു.
അതിവേഗം റണവഡെയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.അദ്ദേഹം അപകട നില പിന്നിട്ടുവെന്നും എന്നിരുന്നാലും നിരീക്ഷണത്തിലാണെന്നും മുംബയ് എഫ്.സി വൃത്തങ്ങൾ അറിയിച്ചു.