
ന്യൂഡൽഹി: എൻജിനിയറിംഗ് ബിരുദ കോഴ്‌സുകളിൽ ചേരാൻ പ്ലസ്ടുവിന് ഫിസിക്‌സ്, കണക്ക് വിഷയങ്ങൾ പഠിച്ചിരിക്കണമെന്നത് നിർബന്ധമില്ലെന്ന പുതിയ മാർഗനിർദ്ദേശത്തിൽ വിശദീകരണവുമായി എ.ഐ.സി.ടി.ഇ.
എൻജിനീയറിംഗ് പ്രവേശനത്തിന് ഈ വിഷയങ്ങളുടെ പ്രാധാന്യം ഇല്ലാതാകില്ലെന്ന് എ.ഐ.സി.ടി.ഇ വ്യക്തമാക്കി. 2021-22 വർഷത്തേക്കുള്ള അപ്രൂവൽ ഹാൻഡ് ബുക്ക് പരിഷ്കരിച്ച് വീണ്ടും പ്രസിദ്ധീകരിക്കും.
എൻജിനീയറിംഗ് ബിരുദ കോഴ്‌സുകൾക്ക് ചേരുന്നതിന് പ്ലസ് ടു തലത്തിൽ ഫിസിക്‌സും കണക്കും പഠിക്കണമെന്നതാണ് നിലവിലെ വ്യവസ്ഥ. എന്നാൽ ടെക്‌സ്‌റ്റൈൽ, അഗ്രിക്കൾച്ചറൽ എൻജിനിയറിംഗ് തുടങ്ങിയ കോഴ്‌സുകൾക്ക് ഇളവ് അനുവദിച്ചായിരുന്നു പുതിയ അപ്രൂവൽ പ്രോസസ് ഹാൻഡ്ബുക്ക് പുറത്തിറക്കിയത്. എതിർപ്പ് ഉയർന്നതോടെ ഈ മാർഗനിർദ്ദേശങ്ങൾ വിദ്യാഭ്യാസസ്ഥാപനങ്ങളും സംസ്ഥാന സർക്കാരുകളും നടപ്പാക്കണമെന്ന് നിർബന്ധമില്ലെന്ന് എ.ഐ.സി.ടി.ഇ ചെയർപേഴ്‌സൺ അനിൽ സഹസ്രബുദ്ധെ വ്യക്തമാക്കി.