
കൊച്ചി: ഇന്ത്യയുടെ വിദേശ നാണയ കരുതൽ ശേഖരത്തിൽ മാർച്ച് അഞ്ചിന് സമാപിച്ച വാരത്തിൽ 425.5 കോടി ഡോളറിന്റെ ഇടിവുണ്ടായി. 58,029.9 കോടി ഡോളറായാണ് ശേഖരം താഴ്‌ന്നതെന്ന് റിസർവ് ബാങ്കിന്റെ റിപ്പോർട്ട് വ്യക്തമാക്കി. തൊട്ടുമുമ്പത്തെ ആഴ്‌ചയിൽ 68.9 കോടി ഡോളറിന്റെ വർദ്ധന രേഖപ്പെടുത്തിയ ശേഷമാണ് മാർച്ച് ആദ്യവാരത്തിലെ ഇടിവ്. വിദേശ നാണയ ആസ്‌തിയിലുണ്ടായ കുറവാണ് തിരിച്ചടിയായത്.
വിദേശ നാണയശേഖരത്തിൽ മുഖ്യപങ്കു വഹിക്കുന്ന വിദേശ നാണയ ആസ്‌തി 300.2 കോടി ഡോളർ താഴ്‌ന്ന് 53,961.3 കോടി ഡോളറിലെത്തി. ഡോളറിലാണ് വ്യക്തമാക്കുന്നതെങ്കിലും വിദേശ നാണയ കരുതൽ ശേഖരത്തിൽ യൂറോ, പൗണ്ട്, യെൻ തുടങ്ങിയ കറൻസികളുമുണ്ട്. ഇവയുടെ മൂല്യത്തിൽ വരുന്ന വ്യത്യാസവും രൂപയെ ശക്തിപ്പെടുത്താൻ ഡോളർ വിറ്റഴിക്കാൻ റിസർവ് ബാങ്ക് നടത്തുന്ന ശ്രമവും വിദേശ നാണയ ആസ്‌തിയിൽ കുറവുണ്ടാക്കാറുണ്ട്. ഇന്ത്യയുടെ കരുതൽ സ്വർണശേഖരം 120.6 കോടി ഡോളർ ഇടിഞ്ഞ് 3,421.5 കോടി ഡോളറിലും എത്തിയിട്ടുണ്ട്.
അന്താരാഷ്‌ട്ര നാണയനിധിയിൽ (ഐ.എം.എഫ്) ഇന്ത്യയുടെ സ്‌പെഷ്യൽ ഡ്രോവിംഗ് റൈറ്റ് (കടപരിധി) 1.10 കോടി ഡോളർ കുറഞ്ഞ് 150.6 കോടി ഡോളറായി. 496.5 കോടി ഡോളറാണ് ഐ.എം.എഫിലെ ഇന്ത്യയുടെ കരുതൽ ധനം; ഇടിവ് 3.60 കോടി ഡോളർ.