
കോട്ടയം: കോൺഗ്രസ് സ്ഥാനാർത്ഥി നിർണയം ഇന്നുണ്ടാകുമെന്ന് മുതിർന്ന നേതാവ് ഉമ്മൻ ചാണ്ടി. ഡൽഹിയിൽ വച്ച് കെ പി സി സി അദ്ധ്യക്ഷൻ മുല്ലപ്പളളി രാമചന്ദ്രനായിരിക്കും പ്രഖ്യാപനം നടത്തുകയെന്നും അദ്ദേഹം അറിയിച്ചു. ഇന്ന് വരെ ഒരു മണ്ഡലത്തിലേ മത്സരിച്ചിട്ടുളളൂ. നേമത്ത് മത്സരിക്കണമെന്ന് തനിക്ക് മേൽ സമ്മർദമുണ്ടായിട്ടില്ലെന്നും ഉമ്മൻ ചാണ്ടി വ്യക്തമാക്കി.
നേമത്ത് ആരെന്ന് അറിയാൻ അൽപ്പ മണിക്കൂറുകൾ മാത്രം കാത്തിരുന്നാൽ മതി. മുരളീധരൻ നേമത്ത് മാത്രമല്ല എല്ലായിടത്തും ശക്തനാണ്. ഡൽഹിയിൽ നിന്ന് അനൗൺസ്‌മെന്റ് വന്നിട്ട് നിങ്ങൾ ഉറപ്പിച്ചാൽ മതി. അതിനു മുമ്പ് കൊടുത്താൽ ചിലപ്പോൾ തെറ്റിപോകുമെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.
ലതിക സുഭാഷ് സീറ്റ് അർഹിക്കുന്ന ആളാണ്. നേതൃത്വം എല്ലാ അവസരത്തിലും ലതികയെ പരിഗണിച്ചിട്ടുണ്ടെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. ഇന്നലെ പുതുപ്പളളിയിൽ നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് അദ്ദേഹം ചിരിച്ചുകൊണ്ട് ഒഴിഞ്ഞുമാറി.