
ലാഹോർ: വിവാഹ ചടങ്ങുകളിൽ ഇന്ന് ഒഴിച്ചുകൂടാൻ പറ്റാത്ത ഒന്നാണ് ഫോട്ടോഷൂട്ട്. സേവ് ദ ഡേറ്റ് മുതൽ എല്ലാം വെറൈറ്റി ആക്കണമെന്ന ചിന്തയുള്ളവരാണ് കൂടുതൽ. അത്തരത്തിൽ വിവാഹ ഫോട്ടോഷൂട്ട് വെറൈറ്റിയാക്കി സോഷ്യൽ മീഡിയയിൽ താരങ്ങളാകാൻ ശ്രമിച്ച പാകിസ്ഥാനിലെ ലാഹോർ സ്വദേശികളായ ദമ്പതികളുടെ ഉറക്കം നഷ്ടപ്പെട്ടിരിക്കുകയാണിപ്പോൾ.
സിംഹക്കുട്ടിയെ ഉപയോഗിച്ചായിരുന്നു ഫോട്ടോഷൂട്ട്. മരുന്ന് നൽകി സിംഹക്കുട്ടിയെ മയക്കി കിടത്തിയായിരുന്നു ഫോട്ടോയെടുത്തത്. ചിത്രങ്ങൾ ഫോട്ടോഗ്രഫി ചെയ്ത സ്റ്റുഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചതോടെയാണ് സംഭവത്തെക്കുറിച്ച് പുറംലോകമറിഞ്ഞത്.
ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചതോടെ രൂക്ഷവിമർശനമാണ് സാമൂഹ്യ പ്രവർത്തകരുടെയും, മൃഗസംരക്ഷണ സംഘടനകളുടെയും ഭാഗത്തുനിന്നുണ്ടാകുന്നത്. ഇത്രയും ചെറിയൊരു സിംഹക്കുട്ടിയെ മയക്കികിടത്തി വെറുമൊരു കളിപ്പാട്ടം പോലെ ഷൂട്ടിന് ഉപയോഗിച്ചത് അതിക്രൂരമായ പ്രവൃത്തിയാണൈന്നും, ഇതിനെതിരെ ശക്തമായി നടപടി വേണമെന്നുമാണ് സംഘടനകളുടെ ആവശ്യം.