vinodhini-kodiyeri

തിരുവനന്തപുരം: ഐ ഫോൺ വിവാദത്തിൽ അന്വേഷണം ആവശ്യപ്പെട്ട് സിപിഎം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ഡി ജി പിയ്ക്ക് പരാതി നൽകി. വിവാദ ഇടപാടിലെ ഐ ഫോണിൽ തന്റെ സിംകാർഡ് ഉപയോഗിച്ചിട്ടുണ്ടോ എന്ന് സാങ്കേതികമായി പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് പരാതി നൽകിയിരിക്കുന്നത്.

സ്വന്തം ഫോൺ നമ്പർ സഹിതമാണ് വിനോദിനി ബാലകൃഷ്ണൻ പരാതി നൽകിയിരിക്കുന്നത്. തന്റെ പേരിൽ ഒരു സിം മാത്രമേയുള്ളൂ എന്നും, ആ നമ്പറാണോ ഐ ഫോണിൽ ഉപയോഗിച്ചിട്ടുള്ളതെന്ന് പരിശോധിക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു.

ഉപയോഗിക്കുന്ന ഫോൺ പണം കൊടുത്തു വാങ്ങിയതാണെന്നും, ഇതിന്റെ ബില്ലും കൈവശമുണ്ടെന്നും, വാർത്തകളിൽ പറയുന്ന കോഡിലുള്ള ഫോൺ വീട്ടിൽ ആരുടേയും കൈവശമില്ലെന്നും വിനോദിനി വ്യക്തമാക്കുന്നു. മാദ്ധ്യമങ്ങളിൽ വന്ന വാർത്ത തന്റെ വ്യക്തിപരമായി അപമാനിക്കുന്നതാണെന്നും പരാതിയിൽ പറയുന്നു.


കസ്റ്റംസ് അന്വേഷണവുമായി സഹകരിക്കാൻ ഒരുക്കമാണെന്നും, നോട്ടീസ് ലഭിക്കാത്തതിനാലാണ് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാത്തതെന്നും വിനോദിനി പറയുന്നു. തുടരന്വേഷണത്തിനായി പരാതി സൈബർ വിഭാഗത്തിന് കൈമാറിയിട്ടുണ്ട്.വടക്കാഞ്ചേരി ഫ്‌ളാറ്റ് നിർമാണക്കരാർ ലഭിച്ചതിന്റെ പ്രത്യുപകാരമായി യുണിടാക് ഉടമ സന്തോഷ് ഈപ്പൻ നൽകിയ അഞ്ചു ഐഫോണുകളിലൊന്നിൽ വിനോദിനിയുടെ പേരിലുള്ള സിംകാർഡ് ഉപയോഗിച്ചിരുന്നെന്നായിരുന്നു അന്വേഷണ സംഘം ആരോപിച്ചത്.