suresh-gopi

തൃശൂർ: ബി ജെ പി സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിക്കാനിരിക്കെ നടനും എംപിയുമായ സുരേഷ് ഗോപി ചികിത്സയിൽ. ന്യൂമോണിയ ആണെന്നാണ് സംശയം. പത്ത് ദിവസത്തെ വിശ്രമം വേണമെന്ന് ഡോക്ടർ നിർദേശിച്ചതായി റിപ്പോർട്ടുകൾ ഉണ്ട്.

എറണാകുളത്ത് സ്വകാര്യ ആശുപത്രിയില്‍ കഴിഞ്ഞ നാല് ദിവസമായി സുരേഷ് ഗോപി ചികിത്സയില്‍ തുടരുകയാണ്. പുതിയ ചിത്രമായ പാപ്പന്റെ ലൊക്കേഷനില്‍ നിന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

അതേസമയം കഴക്കൂട്ടം പോലുള്ള ചില മണ്ഡലങ്ങൾ ഒഴിച്ചിട്ട് ബി ജെ പി ഇന്ന് സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കും. സുരേഷ് ഗോപി തൃശൂരിൽ സ്ഥാനാർത്ഥിയായേക്കും. സംസ്ഥാന ഘടകം നൽകിയ പട്ടിക ചില മാറ്റങ്ങളോടെ ശനിയാഴ്ച തിരഞ്ഞെടുപ്പ് സമിതി അംഗീകരിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിദ്ധ്യത്തിലായിരുന്നു ഇന്നലെ തിരഞ്ഞെടുപ്പ് സമിതി ചേര്‍ന്നത്.

115 സീറ്റിലേക്കുമുള്ള സ്ഥാനാർത്ഥികളുടെ കാര്യത്തിൽ ധാരണയായെന്ന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. എല്ലാ മണ്ഡലങ്ങളിലെയും സ്ഥാനാർത്ഥികളെ നാളെ പ്രഖ്യാപിക്കില്ലെന്നും മറ്റ് മുന്നണികളുടെ സ്ഥാനാർത്ഥികൾ ആരൊക്കെ എന്ന് അറിഞ്ഞ ശേഷമേ ചില പ്രധാന മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കൂവെന്നും സുരേന്ദ്രൻ ഇന്നലെ വ്യക്തമാക്കിയിരുന്നു.