k-muraleedharan

കോഴിക്കോട്: നേമത്ത് മത്സരിക്കുമെന്ന് സൂചിപ്പിച്ച് കോൺഗ്രസ് നേതാവ് കെ മുരളീധരൻ. ഇന്നലെ രാത്രി രമേശ് ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും കെ സി വേണുഗോപാലും അടക്കമുളള നേതാക്കൾ ഫോണിൽ വിളിച്ച് സംസാരിച്ചിരുന്നു. എം പി ആയതിനാൽ തനിക്ക് ഇളവ് നൽകണമെന്ന് കേന്ദ്ര നേതൃത്വത്തോട് ആവശ്യപ്പെടുകയാണെന്ന് മൂന്ന് പേരും അറിയിക്കുകയായിരുന്നുവെന്ന് മുരളീധരൻ വ്യക്തമാക്കി.

സ്ഥാനാർത്ഥിയാവണോ ആവണ്ടയോ എന്ന് ഹൈക്കമാൻഡ് ഇന്ന് തീരുമാനിക്കും. നേമത്ത് യു ഡി എഫിന് വിജയിക്കാൻ കഴിയുമെന്ന വിശ്വാസമുണ്ട്. നേമം എന്തോ ഒരു അത്ഭുതമാണെന്ന് പ്രചരിപ്പിക്കേണ്ട ആവശ്യമില്ല. നല്ലൊരു സ്ഥാനാർത്ഥിയാണെങ്കിൽ അവിടെ ജയിക്കാം. കോൺഗ്രസ് സ്ഥാനാർത്ഥിയാണെങ്കിൽ വിജയം ഉറപ്പാണ്. ഒട്ടും വേരോട്ടമില്ലാത്ത ഒരു ഘടകക്ഷിക്ക് സീറ്റ് കൊടുത്തതുകൊണ്ടാണ് കോൺഗ്രസിന്റേയും യു ഡി എഫിന്റേയും വോട്ടുകൾ ചിതറി പോയത്. അതിനെ സംയോജിപ്പിക്കണമെന്നും മുരളീധരൻ പറഞ്ഞു.

മാർക്‌സിസ്റ്റ് പാർട്ടിയുടെ നുണ പ്രചാരണങ്ങളൊന്നും ഇത്തവണ ഏൽക്കാൻ പോകുന്നില്ല. നേമം ബി ജെ പിയുടെ കോട്ടയല്ല. അതിന്റെ മറുപടി രാജഗോപാൽ തന്നെ പറഞ്ഞിട്ടുണ്ട്. പാർട്ടി സ്ഥാനാർത്ഥി ആയി തീരുമാനിച്ചാൽ നാളെ തന്നെ മണ്ഡലത്തിൽ എത്തുമെന്നും മുരളീധരൻ പറഞ്ഞു.