
കാസർകോട്:കേരളത്തിന് അന്നം തരുന്നത് മോദിയാണെന്ന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. മോദി തരുന്ന അന്നം കൊണ്ടാണ് മൂന്ന് നേരം ഊട്ടുന്നതെന്നും അദ്ദേഹം പറഞ്ഞു.നേമത്ത് ആരു വന്നാലും തോൽക്കുമെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
അതേസമയം സ്ഥാനാർത്ഥികളെ ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിന് മുന്നേ കെ സുരേന്ദ്രൻ മഞ്ചേശ്വരത്ത് എത്തി. മഞ്ചേശ്വരത്ത് സുരേന്ദ്രൻ സ്ഥാനാർത്ഥിയായി എത്തുമെന്ന റിപ്പോർട്ടുകൾക്കിടെയിലാണ് അദ്ദേഹം മണ്ഡലത്തിലെത്തിയിരിക്കുന്നത്.
ഹെലികോപ്റ്ററിലാണ് സുരേന്ദ്രൻ മഞ്ചേശ്വരത്ത് എത്തിയത്. ഗംഭീര സ്വീകരണം നൽകിയാണ് പ്രവർത്തകർ അദ്ദേഹത്തെ സ്വീകരിച്ചത്. എന്നാൽ താൻ തന്നെയാണ് സ്ഥാനാർത്ഥിയെന്ന് വിട്ട് പറയാൻ കെ സുരേന്ദ്രൻ തയ്യാറായില്ല.
എല്ലാ സീറ്റുകളിലെയും സ്ഥാനാർത്ഥികളെ കുറിച്ചുള്ള നിർദ്ദേശങ്ങൾ സമർപ്പിച്ചിട്ടുണ്ട്. ഇത് വിശദമായി പരിഗണിച്ച ശേഷം ദേശീയ നേതൃത്വമാണ് ഔദ്യോഗിക പ്രഖ്യാപനം നടത്തുകയെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇന്ന് വൈകിട്ട് ബി ജെ പി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചേക്കും.