
ദിവസങ്ങൾക്ക് മുമ്പാണ് മൂന്നര മാസം പ്രായമുള്ള കുഞ്ഞിനെ അമ്മ ബക്കറ്റിലെ വെള്ളത്തിൽ മുക്കി കൊന്നത്. പ്രസവ ശേഷം യുവതിയ്ക്ക് മാനസിക പ്രശ്‌നങ്ങൾ ഉണ്ടായതായി ബന്ധുക്കൾ പറഞ്ഞിരുന്നു. ഇത്തരത്തിലുള്ള നിരവധി സംഭവങ്ങൾ ഇതിനുമുമ്പും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഇത്തരം സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ഡോ അശ്വതി പ്രസൂൺ എഴുതിയൊരു കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. സ്ത്രീകളെ പോസ്റ്റ്പാര്‍ട്ടം ഡിപ്രഷനിലേക്ക് എത്തിക്കുന്ന ചില ചോദ്യങ്ങളെ കുറിച്ചാണ് ഡോക്ടർ ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം
1.കുഞ്ഞിന് ഭാരം കുറവാണല്ലോ
2. നിറം അത്ര ഇല്ലല്ലോ, മഞ്ഞൾ തേച്ചു കുളിപ്പിച്ചാൽ മതി
3.നിനക്ക് പാലുണ്ടോ പെണ്ണെ
4. ആരാ കുളിപ്പിക്കാൻ വരുന്നത്, നല്ലോണം തടവി വയറൊക്കെ ഒതുക്കുന്നുണ്ടോ
5. കൊച്ചിന്റെ പൊക്കിൾ എന്താ ഇങ്ങനെ വീർത്തു പോയത്. അറിയാത്തവർ കുളിപ്പിക്കുന്നത് കൊണ്ടാണ് വെള്ളം കേറി വലുതായത്
6. പ്രസവിച്ചപ്പോ വയറു ചാടിയല്ലോ
7. സുഖപ്രസവം ആയോണ്ട് നല്ല സുഖം ആണല്ലേ
8. സിസേറിയൻ അല്ലെ, നടുവേദന മരിക്കുന്ന വരെയും കാണും
9. 5മാസം ആയില്ലേ ഇനി എല്ലാം കൊച്ചിന് കൊടുക്കാം കേട്ടോ. ഉര മരുന്ന് കഴിയുമെങ്കിൽ എല്ലാ ആഴ്ചയിലും കൊടുക്കണം. ഇല്ലെങ്കിൽ മലം പോകില്ല, സംസാരിക്കാൻ താമസിക്കും
10. പ്രസവിച്ചു കഴിഞ്ഞപ്പോൾ പെണ്ണ് വീപ്പക്കുറ്റി പോലെയായി
11. ഒരു വയസ്സ് കഴിഞ്ഞില്ലേ ഇനി പാലുകുടി നിർത്താം, ഇപ്പോൾ തന്നെ നീയൊരു കോലമായി
12. എന്ത് പറഞ്ഞാലും കരച്ചിൽ തന്നെ. പ്രസവിച്ചു കഴിഞ്ഞാൽ പെണ്ണിന് നല്ലത് പറഞ്ഞാലും കരച്ചിൽ തന്നെ.. വീട് മുടിയാൻ വേറെന്ത് വേണം .
13. നേരം വെളുത്തിട്ടും ഉറക്കം എണീക്കാൻ ആയില്ലേ...കൊച്ചുണ്ടെന്നു പറഞ്ഞു ഇങ്ങനേം കിടന്നുറങ്ങാമോ
14. സിസേറിയൻ ആണെങ്കിൽ എല്ലാർക്കും നടു വേദന ഉള്ളതാണ്. എന്നും പറഞ്ഞു എപ്പഴും കിടക്കണോ
15. സുഖപ്രസവത്തിൽ നടു വേദന ഒന്നും വരില്ല, ഇത് ജോലി ചെയ്യാൻ വയ്യാത്തേന്റെ അടവാണ്. നമ്മളും രണ്ട് പെറ്റതല്ലേ
16. ഇവളുടെ കൂടെ പെറ്റ പെണ്ണ് വീട്ടിലെ ജോലിയെല്ലാം ഒറ്റയ്ക്കാ ചെയുന്നത്. ഇവൾക്ക് എന്താ പറ്റില്ലേ
17. കൊച്ചിന് രണ്ടു വയസായില്ലേ ഇനി അടുത്ത കൊച്ച് എപ്പഴാ... ഇപ്പോൾ ആണേൽ രണ്ടും ഒന്നിച്ചങ്ങു വളർന്നോളും
18. കൊച്ചുങ്ങൾ രണ്ടായില്ലേ, പ്രസവം നിർത്തിയോ
19. രണ്ടും പെണ്ണാണല്ലോ, അച്ഛനും അമ്മയ്ക്കും പണി ആയല്ലോ
20. രണ്ടും ആൺകുട്ടികൾ ആയത്കൊണ്ട് പാട് പെടേണ്ട കാര്യമില്ല
21. കൊച്ചു ഭയങ്കര കുരുത്തകേടാണല്ലോ.. ഒന്നും പറഞ്ഞു കൊടുക്കാറില്ലേ
22. കൊച്ചു പാവമാണല്ലോ കുരുത്തക്കേട് ഒന്നുമില്ല.. പിള്ളേരായാൽ കുറച്ചു കുരുത്തക്കേട് വേണം കേട്ടോ
പ്രസവിച്ചു കഴിഞ്ഞാൽ ഓരോ പെൺകുട്ടികളും ഈ പറഞ്ഞതിൽ കുറച്ചെങ്കിലും ഒരുവട്ടമെങ്കിലും കേട്ടുകാണും. ഇതൊക്കെ പറയുന്നവർക്ക് എന്ത് സുഖം കിട്ടുമോ ആവോ .. എല്ലാ പെൺകുട്ടികളും ഒരുപോലെയല്ല. പ്രസവശേഷമുള്ള ഹോർമോൺ വ്യതിയാനം ഓരോരുത്തരിലും വ്യത്യാസപ്പെട്ടിരിക്കും.. നല്ലതായാലും മോശമായാലും ഉൾക്കൊള്ളാൻ പ്രയാസമാണ്.3 മാസം സ്വന്തം അമ്മയുടെ രാജകീയ പരിചരണത്തിന് ശേഷം തിരികെ വന്നു ഓരോന്നും സ്വന്തമായി ചെയുമ്പോൾ ഉണ്ടാകുന്ന മാനസികവിഷമം... കൂടെ ഇമ്മാതിരി ഓരോ പറച്ചിലുകൾ.... ഇതൊക്കെയാണ് postpartum depression എന്ന അവസ്ഥയിലേക്ക് ഓരോ പെണ്ണിനേയും എത്തിക്കുന്നത്. മനസിന്റെ പിടി വിട്ടാൽ ഒരു പക്ഷെ ആത്മഹത്യയോ കൊലപാതകമോ ഒക്കെ ചെയ്യാൻ അവൾ മുതിരും. പ്രസവ ശേഷം ശാരീരിക പരിഗണനയേക്കാൾ ഓരോ പെണ്ണിനും ആവശ്യം മാനസിക പരിഗണനയും സുരക്ഷിതത്വവുമാണ്. നഷ്ടം നമ്മുടേത് മാത്രമാണ്... ഒരമ്മയും ഒരിക്കലും സ്വന്തം കുഞ്ഞിനെ നേരായ മനസോടെ ഇരിക്കുമ്പോൾ കൊല്ലാൻ ശ്രമിക്കില്ല നബി:കുറ്റവാളികളും ഉണ്ടാകാം. പക്ഷെ എല്ലാവരും അങ്ങനെ ആയിരിക്കില്ല Dr Aswathy Prasoon