
കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പിലേക്കുളള കോൺഗ്രസ് സ്ഥാനാർത്ഥി നിർണയത്തിൽ മാനദണ്ഡങ്ങൾ ലംഘിച്ചതായി കെ പി സി സി വർക്കിംഗ് പ്രസിഡന്റ് കെ സുധാകരൻ. ഇതാണ് പ്രശ്‌നങ്ങൾക്ക് കാരണം. പ്രശ്‌നങ്ങൾ പരിഹരിച്ചില്ലെങ്കിൽ ജയസാദ്ധ്യതയെ ബാധിക്കുമെന്നും സുധാകരൻ വ്യക്തമാക്കി.
സ്ഥാനാർത്ഥി നിർണയത്തിൽ പ്രശ്‌നങ്ങളുടെ പൂർണ ഉത്തരവാദിത്തം സംസ്ഥാന നേതൃത്വത്തിനാണ്. ഗ്രൂപ്പുകൾക്ക് വേണ്ടി നേതാക്കൾ നിലകൊണ്ടു. സ്ഥാനാർത്ഥി നിർണയത്തിൽ ഗ്രൂപ്പിലെ അംഗങ്ങൾക്ക് വേണ്ടി നേതാക്കൾ നിലകൊളളുന്ന കാഴ്‌ചയാണ് കണ്ടത്. ഗ്രൂപ്പുകളിൽ നിന്ന് പുറത്തുവരാൻ പലരും ശ്രമിക്കുന്നില്ല. വിജയസാദ്ധ്യതയ്‌ക്കാണ് മുഖ്യ പരിഗണന നൽകേണ്ടത്. കണ്ണൂരിലെ കാര്യങ്ങൾ വർക്കിംഗ് പ്രസിഡന്റായിട്ട് കൂടി തന്നോട് കൂടിയാലോചിച്ചില്ലെന്നും സുധാകരൻ കുറ്റപ്പെടുത്തി.
സ്ഥാനാർത്ഥി നിർണയത്തിൽ ഗ്രൂപ്പുകൾക്ക് അതീതമായി ശരിയായ നിലപാടാണ് സ്വീകരിക്കേണ്ടത്. ഇതിൽ നിന്ന് വ്യത്യസ്‌തമായി നേതാക്കൾ പ്രവർത്തിച്ചതാണ് പ്രശ്‌നങ്ങൾക്ക് കാരണം. വൈകിട്ട് സ്ഥാനാർത്ഥി പ്രഖ്യാപനത്തോടെ പ്രശ്‌നങ്ങൾ തീരുമെന്നാണ് കരുതുന്നത്. പോരായ്‌മകളുണ്ട്, തെറ്റുകൾ തിരുത്തി മുന്നേറാൻ പാർട്ടിക്ക് കഴിവുണ്ടെന്ന് വിശ്വസിക്കുന്നതായും സുധാകരൻ കൂട്ടിച്ചേർത്തു.