
ദാമ്പത്യ ബന്ധത്തിൽ വഴക്കുകൾ പതിവാണ്. തർക്കം കൂടുതലായാൽ ബന്ധം വേർപെടുത്തുകയാണ് മിക്ക ദമ്പതികളും ചെയ്യാറ്. എന്നാൽ മൂന്ന് മാസത്തേക്ക് കൈകൾ കോർത്തുകെട്ടി ബന്ധം ദൃഢമാക്കാൻ ശ്രമിക്കുകയാണ് ഉക്രയിനിലെ അലക്‌സാണ്ടർ കുഡ്‌ലേ (33)- വിക്ടോറിയ പുസ്റ്റോവിറ്റോവ (28) ദമ്പതികൾ.
24 മണിക്കൂറും അലക്‌സാണ്ടറും വിക്ടോറിയയും തങ്ങളുടെ കൈകൾ കൂട്ടിക്കെട്ടിയാണ് നടക്കുന്നത്. പാചകം മുതൽ ഷോപ്പിംഗ് വരെ എല്ലാം തങ്ങൾ ഒന്നിച്ചാണ് ചെയ്യുന്നതെന്ന് ദമ്പതികൾ അവകാശപ്പെടുന്നു. ഒന്നിച്ചാണ് സോഷ്യൽ മീഡിയയും ഉപയോഗിക്കുന്നത്. തങ്ങളുടെ വിശേഷങ്ങൾ ഇരുവരും സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട്. ഇൻസ്റ്റാഗ്രാമിൽ ആയിരക്കണക്കിന് ഫോളോവേഴ്‌സാണ് ഇവർക്കുള്ളത്.
ഒന്നിച്ചുപോകാൻ കഴിയില്ലെന്ന് തോന്നിയ വിക്ടോറിയ, പിരിയാമെന്ന് മുൻപ് അലക്‌സാണ്ടറിനോട് പറഞ്ഞിരുന്നു. തുടർന്ന് അയാളാണ് ഈ ആശയം മുന്നോട്ടുവച്ചത്. അവൾ ആദ്യം ഈ ആശയം നിരസിച്ചിരുന്നെങ്കിലും, പിന്നീട് മനസ് മാറുകയായിരുന്നു. ഇപ്പോൾ ഒരു മാസത്തോളമായി കൈകൾ കൂട്ടിക്കെട്ടിയാണ് നടക്കുന്നത്. വഴക്കും കുറഞ്ഞു.
ടോയ്‌ലറ്റിൽ പോകുമ്പോഴും കൈകൾ കൂട്ടിക്കെട്ടിയാണോ എന്ന സംശയം ഉന്നയിച്ച് സോഷ്യൽ മീഡിയയിലൂടെ ചിലർ രംഗത്തെത്തിയിരുന്നു. അതിന് ദമ്പതികൾ കിടിലൻ മറുപടിയും നൽകി. ഒരാൾ ടോയ്‌ലറ്റിൽ പോകുമ്പോൾ മറ്റേയാളുടെ ഒരു കൈ ബാത്ത്‌റൂമിനുള്ളിലായിരിക്കും, അയാൾ പുറത്തുമെന്നാണ് ദമ്പതികൾ നൽകുന്ന ഉത്തരം.