k-surendran

ന്യൂഡൽഹി: യാക്കോബായ സഭയെ ഒപ്പം നിർത്താനുളള ബി ജെ പി നീക്കത്തിന് തിരിച്ചടി. സഭാ നേതാക്കൾ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ കാണാതെ ഡൽഹിയിൽ നിന്ന് മടങ്ങി. പളളിതർക്ക വിഷയത്തിൽ കൃത്യമായ ഉറപ്പുകൾ ബി ജെ പി ദേശീയ നേതൃത്വത്തിൽ നിന്ന് ലഭിക്കാത്തതാണ് ചർച്ചകൾക്ക് തിരിച്ചടിയായത്.

സഭാ മെത്രാപ്പൊലീത്തൻ ട്രസ്റ്റി തോമസ് മാർ ഗ്രിഗോറിയോസ് മെത്രാപ്പൊലീത്തയുടെ നേതൃത്വത്തിൽ മെത്രാപ്പൊലീത്തമാരും മറ്റ് സഭാ ഭാരവാഹികളും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുമായി ചർച്ച നടത്തുമെന്നായിരുന്നു അറിയിച്ചിരുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബി ജെ പിയുടെ ദേശീയ-സംസ്ഥാന നേതാക്കളും കേന്ദ്രമന്ത്രിമാരും പലവട്ടം യാക്കോബായസഭ ബിഷപ്പുമാരുമായി ചർച്ച നടത്തിയിരുന്നു.

പളളിതർക്കത്തിൽ തങ്ങൾക്കനുകൂലമായ ഒരു നിലപാട് കേന്ദ്ര സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകണമെന്നായിരുന്നു യാക്കോബായ സഭയുടെ പ്രധാന ആവശ്യം. എന്നാൽ ഇക്കാര്യത്തിൽ ഉറപ്പുനൽകാൻ ബി ജെ പി നേതൃത്വത്തിനായില്ല.

നേരത്തെയുളള ബി ജെ പി-സഭ ചർച്ചകളനുസരിച്ച് മൂവാറ്റുപുഴ, കോതമംഗലം, പെരുമ്പാവൂർ, പിറവം എന്നിവിടങ്ങളിൽ യാക്കോബായ സുറിയാനിസഭ നിർദേശിക്കുന്നവരെ സ്ഥാനാത്ഥികളാക്കാമെന്ന് ബി ജെ പി വാഗ്ദ്ധാനം ചെയ്‌തിരുന്നു.