journalists-

ബ്രസൽസ്: കഴിഞ്ഞവർഷം ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി 65 മാദ്ധ്യമപ്രവർത്തകർ കൊല്ലപ്പെട്ടതായി ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് ജേണലിസ്റ്റ്സ്. 2019ലേതിനേക്കാൾ 17 പേർ അധികം പേരാണ് 2020 ൽ കൊല്ലപ്പെട്ടത്. 1990ലെ മാദ്ധ്യമപ്രവർത്തകരുടെ കൊലപാതക കണക്കിലെ നിരക്കിലേക്ക് ലോകം വീണ്ടും എത്തിയതായി കൊലപാതകങ്ങളെക്കുറിച്ചുള്ള വാർഷിക റിപ്പോർട്ടിന്റെ വിശദാംശങ്ങൾ പ്രസിദ്ധീകരിച്ചുകൊണ്ട് ഫെഡറേഷൻ വെളിപ്പെടുത്തി. കരുതിക്കൂട്ടിയുള്ള അക്രമങ്ങൾ, ബോംബാക്രമണം, വെടിവെയ്പ്പ് എന്നിവയിൽപ്പെട്ടാണ് മരണങ്ങളിലധികവും. 1990 മുതലാണ് ഫെഡറേഷൻ, കൊലപാതകത്തിനിരയായ മാദ്ധ്യമപ്രവർത്തകരുടെ കണക്കെടുത്തു തുടങ്ങിയത്. ഇതിനകം 2,680 മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടു. ഏറ്റവും കൂടുതൽ മാദ്ധ്യമപ്രവർത്തകർ കൊല്ലപ്പെടുന്ന രാജ്യങ്ങളുടെ പട്ടികയിൽ മെക്സിക്കോ ആണ് മുന്നിൽ. 14 കൊലപാതകങ്ങളാണ് 2020ൽ രാജ്യത്ത് നടന്നത്. അഫ്ഗാനിസ്ഥാനിൽ 10 മരണങ്ങളുണ്ടായി. പാകിസ്ഥാനിൽ ഒമ്പത്, ഇന്ത്യയിൽ എട്ട്, ഫിലിപ്പൈൻസിലും സിറിയയിലും നാലുവീതം, നൈജീരിയ, യമൻ എന്നിവിടങ്ങളിൽ മൂന്നുവീതം. ഇറാക്ക്, സൊമാലിയ, ബംഗ്ലാദേശ്, കാമറൂൺ, ഹോണ്ടുറാസ്, പരാഗ്വേ, റഷ്യ, സ്വീഡൻ എന്നിവിടങ്ങളിലും കൊലപാതകങ്ങൾ നടന്നതായി ഐ.എഫ്.ജെ ജനറൽ സെക്രട്ടറി ആന്റണി ബെലാഞ്ചർ പറഞ്ഞു. 2021 മാർച്ച് വരെയുള്ള കണക്ക് പ്രകാരം ലോകത്ത് വിവിധ രാജ്യങ്ങളിലായി 229 മാദ്ധ്യമപ്രവർത്തകർ ജയിലിൽ കഴിയുന്നുണ്ട്.