
കൊച്ചി: കൊവിഡ് പ്രതിസന്ധിക്കിടയിലും സാധാരണക്കാരന്റെ സാമ്പത്തിക ബഡ്‌ജറ്റ് തകർത്ത് കുതിച്ചുയർന്ന പെട്രോൾ, ഡീസൽ വില 'നിശ്ചലമായിട്ട്" 15 നാൾ. അന്താരാഷ്‌ട്ര ക്രൂഡോയിൽ വിലവർദ്ധന, ഡോളറിനെതിരെ രൂപയുടെ മൂല്യത്തകർച്ച എന്നിവ ചൂണ്ടിക്കാട്ടിയാണ് പ്രധാനമായും പൊതുമേഖലാ എണ്ണവിതരണ കമ്പനികൾ കഴിഞ്ഞ രണ്ടുമാസങ്ങളിൽ ഇന്ധനവില ദിനംപ്രതി കൂട്ടിയത്. എന്നാൽ, ഇപ്പോൾ ക്രൂഡോയിൽ വില ഒരുവർഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും ബാരലിന് 70 ഡോളർ കടന്നിട്ടും രണ്ടാഴ്‌ചയിലേറെയായി ഇന്ധനവിലയിൽ മാറ്റമില്ല!
നിലവിൽ പെട്രോൾ, ഡീസൽ വിലയുള്ളത് എക്കാലത്തെയും ഉയരത്തിലാണ്. മഹാരാഷ്‌ട്രയും മദ്ധ്യപ്രദേശും രാജസ്ഥാനുമടക്കം ചില സംസ്ഥാനങ്ങളിൽ പെട്രോൾ വില ആദ്യമായി 100 രൂപയും കടന്നു. ഇന്ധനവില നിർണയിക്കുന്നത് പൊതുമേഖലാ എണ്ണവിതരണ കമ്പനികളാണെന്നും സർക്കാരിന് ഇടപെടാനാവില്ലെന്നുമാണ് വിലക്കയറ്റത്തിനെതിരെ ജനരോഷം ഉയർന്നപ്പോൾ കേന്ദ്രസർക്കാർ പ്രതികരിച്ചത്. എന്നാൽ കേരളം, ബംഗാൾ, അസാം, തമിഴ്നാട് സംസ്ഥാനങ്ങൾ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ചൂടിലായതോടെ ഇന്ധനവില കൂടുന്നില്ല.
കേന്ദ്രസർക്കാരിന്റെ 'കർണാടക മോഡൽ" സമ്മർദ്ദമാണ് ഇതിനു കാരണമെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. 2018ൽ കർണാടക നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പ് തുടർച്ചയായി 19 ദിവസങ്ങളിൽ എണ്ണവിതരണ കമ്പനികൾ പെട്രോൾ, ഡീസൽ വില വർദ്ധിപ്പിച്ചിരുന്നു. ക്രൂഡോയിൽ വില വർദ്ധിച്ചെങ്കിലും കർണാടകയിൽ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ വിലവർദ്ധനയ്ക്ക് വിരാമമായി. എന്നാൽ, വോട്ടെടുപ്പ് കഴിഞ്ഞ് രണ്ടാംനാൾ മുതൽ എണ്ണക്കമ്പനികൾ വീണ്ടും വില കൂട്ടിത്തുടങ്ങി.
കഴിഞ്ഞമാസം 27 മുതൽ രാജ്യത്ത് പെട്രോൾ, ഡീസൽ വില എണ്ണക്കമ്പനികൾ പുതുക്കിയിട്ടില്ല. തിരുവനന്തപുരത്ത് പെട്രോൾ വില 93.05 രൂപയും ഡീസൽ വില 87.53 രൂപയുമാണ്. കഴിഞ്ഞ ജൂണിന് ശേഷം ഇതുവരെ പെട്രോളിന് കൂടിയത് 20.06 രൂപയാണ്; ഡീസലിന് 20.34 രൂപയും വർദ്ധിച്ചു.
ജി.എസ്.ടി വരുമോ?
ഇന്ധനത്തിന്റെ റെക്കാഡ് വിലക്കയറ്റത്തിനെതിരായ പ്രതിഷേധം തണുപ്പിക്കാനായി നികുതി കുറയ്ക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ കേന്ദ്രസർക്കാർ ആലോചിക്കുന്നുണ്ട്. എന്നാൽ, സർക്കാരിന്റെ വരുമാനത്തെ ബാധിക്കാത്തവിധം നികുതി പരിഷ്‌കരിക്കാനാണ് ശ്രമം. സംസ്ഥാനങ്ങളുമായും എണ്ണവിതരണ കമ്പനികളുമായും ഇതു സംബന്ധിച്ച് ധനമന്ത്രാലയം ചർച്ച നടത്തുന്നുണ്ട്.
പെട്രോളിനെയും ഡീസലിനെയും ജി.എസ്.ടിയിൽ ഉൾപ്പെടുത്താൻ തയ്യാറാണെന്ന് കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്. ഇക്കാര്യത്തിൽ അന്തിമതീരുമാനം എടുക്കേണ്ടത് ജി.എസ്.ടി കൗൺസിലാണ്.
കുതിച്ചുയർന്ന് ക്രൂഡോയിൽ
ഇന്ത്യ വാങ്ങുന്ന ബ്രെന്റ് ക്രൂഡിന്റെ വില കഴിഞ്ഞ ഏപ്രിൽ ബാരലിന് 19 ഡോളർ വരെ താഴ്‌ന്നിരുന്നു. ഇതു പിന്നീട് 50 ഡോളറിന് മുകളിൽ എത്തിയപ്പോഴാണ് പൊതുമേഖലാ എണ്ണവിതരണ കമ്പനികൾ ഇന്ധനവില കൂട്ടിത്തുടങ്ങിയത്. ബ്രെന്റ് ക്രൂഡിന്റെ മാർക്കറ്റ് വില കഴിഞ്ഞദിവസം 71 ഡോളർ വരെ ഉയർന്നെങ്കിലും ഇപ്പോഴുള്ളത് 69 ഡോളറിലാണ്.
ഇന്ത്യയുടെ വാങ്ങൽവില ബാരലിന് 67.38 ഡോളറാണ്. അതായത്, തിരഞ്ഞെടുപ്പിന്റെ ചൂട് കഴിഞ്ഞാലുടൻ വീണ്ടും ഇന്ധനവില വർദ്ധന പ്രതീക്ഷിക്കാം. എന്നാൽ, അതിനുമുമ്പ് നികുതി കുറയ്ക്കുന്നതുൾപ്പെടെ കേന്ദ്ര ഇടപെടൽ ഉണ്ടായാൽ പെട്രോൾ, ഡീസൽവില താഴും.
$75
രാജ്യാന്തര ക്രൂഡ് വില വൈകാതെ ബാരലിന് 75 ഡോളർ കടക്കുമെന്നാണ് വിലയിരുത്തൽ. ഉത്‌പാദനം വെട്ടിക്കുറയ്ക്കാനുള്ള ഒപെക്കിന്റെ തീരുമാനമാണ് പ്രധാന കാരണം. ഇന്ത്യയടക്കം ഇറക്കുമതിയെ വൻതോതിൽ ആശ്രയിക്കുന്ന രാജ്യങ്ങൾക്ക് ഈ വിലക്കുതിപ്പ് വൻതിരിച്ചടിയാകും.