
മുംബയ്: ആത്മഹത്യ ചെയ്ത ദാദ്ര-നാഗർ ഹവേലി എം.പി മോഹൻ ഡെൽക്കർ മരിക്കുന്നതിന് മുമ്പ് നിരവധി തവണ സഹായം തേടി പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും ലോക്‌സഭാ സ്പീക്കർ ഓം ബിർളയ്ക്കും കത്തുകൾ അയച്ചിരുന്നുവെന്നും എന്നാൽ അവർ അവഗണിക്കുകയായിരുന്നുവെന്നും ശനിയാഴ്ച നടത്തിയ പത്രസമ്മേളനത്തിൽ ആരോപിച്ച് കോൺഗ്രസ് നേതാവ് സച്ചിൻ സാവന്ത്.
അദ്ദേഹത്തിന്റെ കത്തുകൾ അവഗണിച്ച കേന്ദ്രത്തിന്റെ തീരുമാനം മനഃപൂർവമാണോ എന്നുള്ളതാണ് ചോദ്യം. ദാദ്ര-നാഗർ ഹവേലി അഡ്മിനിസ്‌ട്രേറ്ററായ പ്രഫുൽ ഖേദ പട്ടേലും നിരവധി കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ഉദ്യോഗസ്ഥരും ഡെൽക്കറെ അധിക്ഷേപിച്ചു. ഉദ്യോഗസ്ഥർ കുറ്റകൃത്യങ്ങളിൽ അകപ്പെടുത്താൻ ശ്രമിക്കുന്നതായി ഡെൽക്കർ പരാതിപ്പെട്ടിരുന്നു. നിരവധി തവണ അവർ ഡെൽക്കറിനെ ഭീഷണിപ്പെടുത്തിയിട്ടുണ്ട് - സച്ചിൻ പറഞ്ഞു.
പ്രധാനമന്ത്രിയുമായി അടിയന്തരമായി കൂടിക്കാഴ്ച നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഭൂപേന്ദ്ര യാദവിനും ഡെൽക്കർ കത്തയച്ചിരുന്നു.
മോദി സർക്കാർ അടിയന്തര നടപടികൾ കൈക്കൊള്ളുകയായിരുന്നുവെങ്കിൽ ഡെൽക്കറിന്റെ ജീവൻ രക്ഷിക്കാമായിരുന്നുവെന്ന് സച്ചിന്‍ പറഞ്ഞു. ബി.ജെ.പി നേതൃത്വത്തിൽ അദ്ദേഹം പരിപൂർണ നിരാശനായിരുന്നുവെന്നും യാതൊരു പ്രതീക്ഷയുമില്ലാത്തതുകൊണ്ടാണ് ആത്മഹത്യ ചെയ്തതത് - സച്ചിൻ കൂട്ടിച്ചേർത്തു.