
മുംബയ് : വ്യവസായി മുകേഷ് അംബാനിയുടെ വീടിന് മുന്നിൽ സ്‌ഫോടക വസ്തു കണ്ടെത്തിയ സംഭവത്തിൽ മുംബയ് പോലീസ് അസിസ്റ്റന്റ് ഇൻസ്‌പെക്ടർ സച്ചിൻ വാസെ അറസ്റ്റിൽ. എൻ.ഐ.എ ആസ്ഥാനത്ത് വിളിച്ചുവരുത്തി 12 മണിക്കൂർ ചോദ്യം ചെയ്ത ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
സ്‌ഫോടകവസ്തുക്കളുമായി കണ്ടെത്തിയ വാഹനത്തിന്റെ ഉടമ മൻസുഖ് ഹിരേൻ കൊല്ലപ്പെട്ട കേസിൽ മഹാരാഷ്ട്ര എ.ടി.എസും വാസെയെ ചോദ്യം ചെയ്തിരുന്നു. ഹിരേനിന്റെ കൊലപാതകത്തിൽ വാസേയെ സംശയമുണ്ടെന്ന് ഭാര്യ വിമല ഹിരേൻ എ.ടി.എസിന് മൊഴി നൽകിയിരുന്നു. കാർ നാല് മാസത്തോളം വാസെയുടെ കൈവശമായിരുന്നുവെന്നും ആരോപണങ്ങളുയർന്നിരുന്നു. കേസിൽ വാസെ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം താനെ സെഷൻസ് കോടതി തള്ളിയിരുന്നു.