kafala-

റിയാദ്: സൗദി അറേബ്യയിൽ തൊഴിൽ നിമയ പരിഷ്‌ക്കാരങ്ങൾ ഇന്നലെ പ്രാബല്യത്തിൽ വന്നു. രാജ്യത്ത് ഏറെ വർഷങ്ങളായി നിലനിൽക്കുന്ന സ്‌പോൺസർഷിപ്പ് അഥവാ കഫാല സമ്പ്രദായം ഇല്ലാതെയാവുമെന്നതാണ് പുതിയ നിയമത്തിന്റെ പ്രധാന സവിശേഷത. സൗദി സ്വകാര്യമേഖലയിലെ സ്ഥാപനത്തിൽ ജോലി ചെയ്യണമെങ്കിൽ സൗദി പൗരന്റെ സ്‌പോൺസർഷിപ്പ് വേണമെന്നനിയമമാണ് ഇതോടെ നാമാവശേഷമാകുന്നത്. എന്നാൽ ഇനി മുതൽ തൊഴിൽ ദാതാവും തൊഴിലാളിയും തമ്മിലുണ്ടാക്കുന്ന തൊഴിൽ കരാറിന്റെ അടിസ്ഥാനത്തിലായിരിക്കും നിയമനം. ഇനി തൊഴിൽ കരാറിന്റെ അടിസ്ഥാനത്തിലാകും നിയമനം. ഡിജിറ്റൽ രജിസ്ട്രേഷൻ കൂടുതൽ പ്രചാരത്തിൽ വരും. പ്രവാസികൾക്കാണ് പുതിയ തൊഴിൽ പരിഷ്കാരം കൂടുതൽ പ്രയോജനപ്പെടുക. സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന പ്രവാസികൾക്ക് തൊഴിൽമാറ്റം എളുപ്പമാക്കുന്നതാണ് പുതിയ നിയമം. കരാർ കാലാവധി അവസാനിക്കുന്നതോടെ കൂടുതൽ നിയമക്കുരുക്കുകളില്ലാതെ തൊഴിൽ മാറ്റം സാദ്ധ്യമാകും. പ്രവാസി തൊഴിലാളികളുടെ എക്സിറ്റ് ആന്റ് റീ എൻട്രി വിസ, ഫൈനൽ എക്സിറ്റ് വിസ എന്നിവയുമായി ബന്ധപ്പെട്ട നിയമങ്ങളിലും മാറ്റം വരും. കഴിഞ്ഞ വർഷം പ്രഖ്യാപിച്ച തൊഴിൽ രംഗത്തെ മാറ്റങ്ങളാണ് ഇന്നലെ പ്രാബല്യത്തിൽ വന്നത്. കഴിഞ്ഞ വർഷം നടപ്പിലാക്കാനിരുന്ന പുതിയ മാറ്റങ്ങൾ കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നീട്ടിവയ്ക്കുകയായിരുന്നു.ലേബർ റിഫോം ഇനീഷ്യേറ്റീവ് എന്ന പേരിൽ അറിയപ്പെടുന്നതാണ് ഈ തൊഴിൽ പരിഷ്‌ക്കാരങ്ങൾ. 10 ലക്ഷത്തോളം പ്രവാസി തൊഴിലാളികൾക്ക് പുതിയ നിയമപരിഷ്‌ക്കരണത്തിന്റെ ഗുണഫലം ലഭിക്കും.