
കൊച്ചി: റെക്കാഡ് വിലക്കുതിപ്പിന് വിരാമമിട്ട് സ്വർണവില കുത്തനെ കുറഞ്ഞതോടെ ഡിമാൻഡിൽ വൻ തിരിച്ചുവരവ്. സുരക്ഷിത നിക്ഷേപമെന്ന നിലയിൽ രാജ്യാന്തരതലത്തിൽ വൻ സ്വീകാര്യത കിട്ടിയതിനാൽ കൊവിഡ് കാലത്ത് സ്വർണവില എക്കാലത്തെയും ഉയരത്തിലെത്തിയിരുന്നു. കേരളത്തിൽ പവൻവില കഴിഞ്ഞ ആഗസ്‌റ്റിൽ 42,000 രൂപയിലേക്കാണ് ഉയർന്നത്. വില ഇപ്പോൾ 33,600 രൂപ. ഈ വിലയിടിവാണ് സ്വർണഡിമാൻഡ് കൂടാൻ സഹായിച്ചത്.
കല്യാണങ്ങളോ മറ്റ് വിശേഷങ്ങളോ ഇല്ലാത്ത ഓഫ്-സീസണായ കുംഭമാസത്തിലും വിലക്കുറവിന്റെ പിൻബലത്തിൽ മികച്ച വില്പനയുണ്ടായി. മുൻകൂർ ബുക്കിംഗിനാണ് പ്രിയമേറെയെന്ന് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്‌സ് അസോസിയേഷൻ (എ.കെ.ജി.എസ്.എം.എ) സംസ്ഥാന പ്രസിഡന്റ് ഡോ.ബി. ഗോവിന്ദൻ 'കേരളകൗമുദി"യോട് പറഞ്ഞു. കൊവിഡിൽ സ്വർണം വാങ്ങുന്നതിന് പകരം വിറ്റഴിച്ച് പണം നേടി സാമ്പത്തികാവശ്യം നിറവേറ്റാനാണ് ഉപഭോക്താക്കൾ ശ്രമിച്ചത്. ഇപ്പോൾ വാങ്ങൽട്രെൻഡ് തിരിച്ചുവരുന്നുണ്ട്.
10 ശതമാനം പണം മുൻകൂർ നൽകി ആഭരണങ്ങൾ ബുക്ക് ചെയ്യുന്ന സൗകര്യത്തിനാണ് താത്പര്യമേറെ. വിവാഹ പർച്ചേസിനാണ് ഈ സൗകര്യം കൂടുതൽ പ്രയോജനകരം. മീനമാസം വിവാഹ സീസൺ കൂടിയായതിനാലും വിലകുറഞ്ഞതിനാലും കുംഭത്തിൽ വൻ ബുക്കിംഗ് ദൃശ്യമായി. ബുക്ക് ചെയ്യുന്ന ദിവസത്തെയും വാങ്ങുന്നദിവസത്തെയും വില താരതമ്യം ചെയ്‌ത് ഏതാണോ കുറഞ്ഞവില, ആ വിലയ്ക്ക് സ്വർണം സ്വന്തമാക്കാമെന്നാണ് ബുക്കിംഗിന്റെ നേട്ടമെന്നും അദ്ദേഹം പറഞ്ഞു. പ്രതിദിനം അഞ്ചുമുതൽ 25 വരെ കല്യാണ പർച്ചേസുകൾക്കുള്ള ബുക്കിംഗ് ലഭിക്കുന്ന സ്വർണാഭരണ വിതരണക്കാരും സംസ്ഥാനത്തുണ്ട്.
മീനത്തിൽ താലികെട്ട്!
ഓഫ്-സീസണായ കുംഭം മാഞ്ഞ് വിവാഹ സീസണായ മീനം പിറന്നതോടെ വിപണി കൂടുതൽ ഉഷാറാകുമെന്ന പ്രതീക്ഷയിലാണ് സ്വർണവ്യാപാരികൾ. കേരളത്തിൽ ശരാശരി പ്രതിദിന സ്വർണവില്പന 150-200 കോടി രൂപയുടേതാണ്. കൊവിഡും ലോക്ക്ഡൗണും റെക്കാഡ് വിലയും മൂലം കഴിഞ്ഞവർഷം ഇതിനുമങ്ങലേറ്റു. നിയന്ത്രണങ്ങൾ അയയുകയും വില കുറയുകയും ചെയ്‌തതോടെ വില്പന തിരിച്ചുകയറുന്നുണ്ട്.
₹8,400
കഴിഞ്ഞ ആഗസ്‌റ്റ് മുതൽ ഇതുവരെ കേരളത്തിൽ പവന് കുറഞ്ഞത് 8,400 രൂപ; പവന് 1,050 രൂപയും കുറഞ്ഞു.
₹33,600
ഇന്നലെ പവന് വില 33,600 രൂപ; ഗ്രാമിന് 4,200 രൂപ.
₹42,000
കഴിഞ്ഞ ആഗസ്‌റ്റിൽ പവൻവില 42,000 രൂപ; ഗ്രാമിന് 5,250 രൂപ. എക്കാലത്തെയും ഉയർന്ന വിലയാണിത്.
എന്തുകൊണ്ട് വിലകുറഞ്ഞു?
അമേരിക്കൻ സർക്കാർ കടപ്പത്രങ്ങളിൽ നിന്നുള്ള ലാഭം (യീൽഡ്) കൂടിയതാണ് സ്വർണവിലയുടെ വൻ വീഴ്‌ചയ്ക്ക് മുഖ്യ കാരണം. നിക്ഷേപകർ സ്വർണം, ഓഹരി എന്നിവയെ കൈവിട്ട് കടപ്പത്രങ്ങളിലേക്ക് ചേക്കേറുകയാണ്.
തിളക്കത്തോടെ ഇ.ടി.എഫ്
വില കുറഞ്ഞതിനാൽ ഗോൾഡ് എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ടുകളിലും (ഇ.ടി.എഫ്) നിക്ഷേപം നിറയുന്നുണ്ട്. നവംബറിൽ ഇന്ത്യയിലെ ഗോൾഡ് ഇ.ടി.എഫിൽ നിന്ന് 141 കോടി രൂപയുടെ നിക്ഷേപം പിൻവലിക്കപ്പെട്ടിരുന്നു. പിന്നീട് സ്ഥിതിമാറി; കണക്ക് ഇങ്ങനെ:
(തുക കോടിയിൽ)
ഡിസംബർ : ₹431
ജനുവരി : ₹625
ഫെബ്രുവരി : ₹491
2020ൽ ആകെ : ₹6,657