
കൊൽക്കത്ത: കാലിന് പരിക്കേറ്റ് ദിവസങ്ങൾക്കകം പശ്ചിമ ബംഗാളിൽ വമ്പൻ റാലി നടത്തി മുഖ്യമന്ത്രി മമത ബാനർജി. ജനങ്ങളുടെ ജനാധിപത്യാവകാശങ്ങൾ സംരക്ഷിക്കുന്നതിൽ നിന്ന് തന്നെ ഒരിക്കലും മാറ്റി നിറുത്താനാവില്ലെന്ന് കൊൽക്കത്തയിലെ ഹസ്രയിൽ നടത്തിയ റോഡ് ഷോയ്ക്കിടെ മമത പറഞ്ഞു. തൃണമൂൽ പ്രവർത്തകരടക്കം ആയിരങ്ങളാണ് റാലിയിൽ പങ്കെടുത്തത്. എന്റെ ശരീരം മുഴുവൻ ചതവുകളാണ്. ഈ വീൽച്ചെയറിലിരുന്ന് ഞാൻ ബംഗാൾ മുഴുവൻ സഞ്ചരിക്കും. ഈ തകർന്ന കാലുമായി വീൽച്ചെയറിൽ ഞാൻ പ്രചാരണം നടത്തും. ഞാൻ വിശ്രമിച്ചാൽ, ബംഗാൾ ജനതയുടെ അടുത്ത് എങ്ങനെ എത്തിച്ചേരും?. ഞാൻ ഒരിക്കലും തല കുനിയ്ക്കില്ല. ഓർക്കുക, മുറിവേറ്റ കടുവ കൂടുതൽ അപകടകാരിയാണ്. ദുഷ്ട ശക്തികളെല്ലാം നശിച്ച് നന്മ മാത്രം കളിയാടട്ടെ - മമത പറഞ്ഞു. ബംഗാളിനെതിരെയുള്ള ഗൂഢാലോചനകളെല്ലാം തകരട്ടേ. കളി ആരംഭിച്ചിട്ടേയുള്ളൂ - മമത കൂട്ടിച്ചേർത്തു.
അതേസമയം, നന്ദിഗ്രാമിൽ മമതയ്ക്ക് പരിക്കേറ്റ സമയത്ത് അവരുടെ സുരക്ഷ ചുമതല വഹിച്ചിരുന്ന പൊലീസ് ഓഫിസറെ തിരഞ്ഞെടുപ്പ് കമ്മിഷൻ സസ്പെൻഡ് ചെയ്തു. ഡയറക്ടർ സെക്യൂരിറ്റിയായ വിവേക് സഹായ് ഐ.പി.എസിനെയാണ് സസ്പെൻഡ് ചെയ്തത്. കൃത്യനിർവഹണത്തിൽ വീഴ്ച വരുത്തിയതിനാണ് വിവേകിനെ സസ്പെൻഡ് ചെയ്തതെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ പറഞ്ഞു
ബുധനാഴ്ചയാണ് നന്ദിഗ്രാമിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മമതയ്ക്ക് പരിക്കേറ്റത്. നാല് പേർ ചേർന്ന് തന്നെ മനഃപ്പൂർവം ആക്രമിക്കുകയായിരുന്നുവെന്നാണ് മമതയുടെ ആരോപണം. ഇടതുകാലിനും തോളിനും കഴുത്തിനും പരിക്കേറ്റ മമത ചികിത്സയ്ക്ക് ശേഷം ആശുപത്രി വിട്ടിരുന്നു.
നന്ദിഗ്രാമിൽ നിന്ന് ജനവിധി തേടുന്ന മമതയുടെ മുഖ്യ എതിരാളി മുൻ സഹപ്രവർത്തകനും ബി.ജെ.പി സ്ഥാനാർത്ഥിയുമായ സുവേന്ദു അധികാരിയാണ്. എട്ട് ഘട്ടമായി നടക്കുന്ന ബംഗാൾ നിയമസഭ തിരഞ്ഞെടുപ്പ് 27 ന് ആരംഭിക്കും. മെയ് 2 ന് സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് ഫലം പുറത്തുവരും.