
തിരുവനന്തപുരം: കോൺഗ്രസിന് പിന്നാലെ ബിജെപിയിലും വിമതശബ്ദം. കഴക്കൂട്ടം സീറ്റ് തനിക്ക് നിഷേധിക്കപ്പെട്ടതിന് പിന്നാലെയാണ് പാർട്ടി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രന് എതിരെ പരിഹാസവുമായി രംഗത്ത് വന്ന് ബിജെപിയുടെ സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭാ സുരേന്ദ്രൻ. പാർട്ടിയിലെ മുതിർന്ന നേതാക്കൾക്കൊന്നും ലഭിക്കാത്ത വലിയ സ്വഭാഗ്യമാണ് ദേശീയ നേതൃത്വം കെ സുരേന്ദ്രന് കനിഞ്ഞ് നല്കിയതെന്നായിരുന്നു ശോഭയുടെ വാക്കുകൾ. മഞ്ചേശ്വരത്തും കോന്നിയിലെ ഒരേ സമയം സുരേന്ദ്രൻ മത്സരിക്കുമെന്ന വാർത്തകൾ ചൂണ്ടിക്കാട്ടിയാണ് ശോഭാ സുരേന്ദ്രൻ ഇത്തരത്തിൽ പ്രതികരിച്ചത്.
'മുതിർന്ന നേതാക്കളായ ഒ രാജഗോപാലിനോ കുമ്മനം രാജശേഖരനോ ഈ സൗഭാഗ്യം ലഭിച്ചിട്ടില്ല. രണ്ട് സീറ്റിലാണ് സംസ്ഥാന അദ്ധ്യക്ഷൻ മത്സരിക്കുന്നത്. രണ്ട് സീറ്റിലും അദ്ദേഹത്തിന് വിജയാശംസകൾ നേരുന്നു. ഈ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന എന്റെ മുഴുവൻ സഹോദരീ സഹോദരന്മാർക്കും ഹൃദയം നിറഞ്ഞ വിജയാശംസകൾ നേരാൻ ഈ അവസരം ഉപയോഗിക്കുന്നു.'- താൻ ഇത്തവണ മത്സരിക്കുന്നില്ല എന്ന കാര്യം വളരെ നേരത്തെ തന്നെ സംസ്ഥാന, കേന്ദ്ര നേതൃത്വങ്ങളെ അറിയിച്ചതാണെന്ന കാര്യവും ശോഭ ഓർമ്മിപ്പിച്ചു.
എല്ലാ സ്ഥാനാർത്ഥികൾക്കും വേണ്ടി തന്നാലാവുന്ന രീതിയിൽ പ്രവർത്തനം നടത്തുക എന്നതാണ് താൻ ആഗ്രഹിക്കുന്നതെന്ന് നേരത്തെ തന്നെ പറഞ്ഞിരുന്നുവെന്ന് ശോഭ സുരേന്ദ്രൻ ചൂണ്ടിക്കാട്ടി. പിന്നീട് മത്സരരംഗത്ത് ഉണ്ടാകണമെന്നും മറ്റെല്ലാം മാറ്റി വയ്ക്കണമെന്നും തനിക്ക് നിർദ്ദേശം ലഭിച്ചു. സ്ഥാനാർത്ഥി പട്ടികയിൽ നിന്നും താൻ പുറത്തായത് എങ്ങനെയെന്ന് അറിയില്ലെന്നും ഇന്നലെ രണ്ട് മണി വരെയുള്ള കാര്യങ്ങളിൽ മാത്രമാണ് അറിവുള്ളതെന്നും അവർ പറഞ്ഞു.
ഇത്തരം കാര്യങ്ങൾക്ക് വലിയ പ്രസക്തിയില്ല. പാർട്ടി എന്ത് ചുമതല നൽകിയാലും അത് നിർവഹിക്കുക എന്നതിലാണ് കാര്യം. ബിജെപി നേതാവ് പറയുന്നു. പട്ടിക പ്രഖ്യാപിച്ചിട്ടുള്ളത് ദേശീയ നേതൃത്വമാണല്ലോ. രണ്ട് സീറ്റുകളിൽ പല ആളുകളും മത്സരിച്ചിട്ടുണ്ട്. അതൊരു പുതിയ അനുഭവമല്ല. പക്ഷെ കേരളത്തെയും ബിജെപിയെയും സംബന്ധിച്ച് നമുക്ക് ലഭിച്ചിട്ടുള്ള ആദ്യത്തെ അവസരവും സുരവർണാവസരവുമാണ്. അതിനെ ഞങ്ങൾ എല്ലാവരും കൂടി സ്വാഗതം ചെയ്യുന്നു.
അദ്ദേഹത്തെ രണ്ട് മണ്ഡലത്തിലും വിജയിപ്പിക്കുക എന്നുള്ളതാണ് ഞങ്ങളുടെ ലക്ഷ്യം. ദേശീയ നേതൃത്വം മത്സരിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും സ്ഥാനാർത്ഥി ലിസ്റ്റ് വന്നപ്പോൾ പേരില്ലാതെ വന്നതിൽ സംസ്ഥാന തലത്തിൽ ചരടുവലികൾ നടന്നുവെന്ന് കരുതുന്നുണ്ടോ എന്ന ചോദ്യത്തിന്, ഏതെങ്കിലും സീറ്റിൽ മത്സരിക്കണമെന്ന ആഗ്രഹത്തോടെ ശ്രമം നടത്തിയാൽ മാത്രമല്ലേ അതിനെക്കുറിച്ച് ചർച്ച ചെയ്യേണ്ട ആവശ്യമുള്ളൂ എന്നാണ് ശോഭാ സുരേന്ദ്രൻ പ്രതികരിച്ചത്. മഹിളാ കോൺഗ്രസ് അദ്ധ്യക്ഷയായിരുന്ന ലതിക സുഭാഷ് രാജിവച്ച സംഭവത്തിലും ശോഭാ സുരേന്ദ്രൻ പ്രതികരിച്ചു.

വളരെ വേദനയോടു കൂടിയാണ് താൻ ലതികാ സുഭാഷിന്റെ വാക്കുകൾ കേട്ടത്. അതൊരു നീറുന്ന വേദന തന്നെയാണ്. രാഷ്ട്രീയ പ്രവർത്തന രംഗത്തുള്ള പുരുഷൻമാരായിട്ടുള്ള മുഴുവൻ ആളുകളും പുനർവിചിന്തനത്തിന് തയ്യാറാകുന്ന ഒരു സാഹചര്യമാണ് ഇതിലൂടെ കിട്ടുക എന്നാണ് താൻ കരുതുന്നത്. ശോഭ ഉന്നയിക്കുക ചോദ്യങ്ങൾ മാദ്ധ്യമപ്രവർത്തകർ ബിജെപി സംസ്ഥാന അദ്ധ്യക്ഷനോട് ചോദിക്കുമ്പോൾ അനുകൂല മനോഭാവത്തോടെയല്ല അദ്ദേഹം പ്രതിക്കാറുള്ളതെന്ന ചോദ്യത്തിന്, അത് സുരേന്ദ്രന്റെ ബോഡി ലാംഗ്വേജ് ആയാണ് താൻ കാണുള്ളതെന്ന് അവർ പ്രതികരിച്ചു.