
ന്യൂഡൽഹി : തന്റെ തലമുടിയിലെ പരീക്ഷണങ്ങൾകൊണ്ട് പലപ്പോഴും വിസ്മയിപ്പിച്ചിട്ടുള്ള മുൻ ഇന്ത്യൻ ക്യാപ്ടൻ മഹേന്ദ്ര സിംഗ് ധോണിയുടെ പുതിയ മേക്കോവറാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗം. സ്റ്റാർ സ്‌പോർട്‌സ് ചാനൽ സോഷ്യൽ മീഡിയ ചാനൽ തങ്ങളുടെ സോഷ്യൽ മീഡിയ ഹാൻഡിലുകളിലൂടെ പുറത്തുവിട്ട ഫോട്ടോയിലാണ് മരച്ചുവട്ടിൽ തല മുണ്ഡനം ചെയ്ത് ഒരു ബുദ്ധഭിക്ഷുവിനെ പോലെയിരിക്കുന്ന ധോണിയുള്ളത്. ഒരു ആയോധനകലാ പരിശീലന കളരിയിൽ നിന്നെടുത്ത ചിത്രമെന്ന വിശദീകരണവുമുണ്ട് ചിത്രത്തിനൊപ്പം. ഐ.പി.എല്ലുമായി ബന്ധപ്പെട്ട സ്റ്റാർ സ്‌പോർട്‌സിന്റെ പുതിയ പരസ്യത്തിനുവേണ്ടിയുള്ള ലുക്കാണെന്നാണ് സൂചന.
പുതിയ സീസണിനായി ഐ.പി.എൽ ക്ളബ് ചെന്നൈ സൂപ്പർ കിംഗ്സിന്റെ പരിശീലനക്യാമ്പിലാണ് ധോണി ഇപ്പോൾ. തലയുടെ പുതിയ ലുക്ക് സൂപ്പർകിംഗ്സ് ആരാധകരെ ഹരംകൊള്ളിച്ചിട്ടുണ്ട്. ആ മുഖത്തെ ശാന്തതയാണ് പലരെയും ആകർഷിച്ചത്. കളിക്കളത്തിലും ഒരു ഭിക്ഷുവിനെ പോലെ ശാന്തനായിരുന്നു ധോണിയെന്നാണ് ആരാധകർ പറയുന്നത്.