quad

വാഷിംഗ്ടൺ: ചൈന ആഗോള തലത്തിൽ ഉയർത്തുന്ന വെല്ലുവിളികളെക്കുറിച്ച് വിശദമായി ചർച്ച ചെയ്ത് ക്വാഡ് രാജ്യങ്ങൾ.

സിൻജിയാങ്, തായ്വാൻ കടലിടുക്ക്, സെൻകാക്കു ദ്വീപുകൾ തുടങ്ങി ചൈനയുമായി ബന്ധപ്പെട്ട തർക്കവിഷയങ്ങളാണ് പ്രധാനമായും ചർച്ച ചെയ്ത ചൈനീസ് വിഷയങ്ങൾ. ദക്ഷിണ, കിഴക്കൻ ചൈന സമുദ്രങ്ങളിലെ സഞ്ചാരസ്വാതന്ത്ര്യം, ഉത്തരകൊറിയയുമായുള്ള ആണവ പ്രശ്നം എന്നിവയും ചർച്ച ചെയ്തതായി ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു.

ഇന്ത്യയെ ആഗോള വാക്സിൻ ഉൽപ്പാദന കേന്ദ്രമാക്കാൻ നിർണായക നീക്കവുമായി ക്വാഡ് ഉച്ചകോടി. വാക്സിൻ ഉൽപ്പാദന, വിതരണ രംഗത്ത് ഇന്ത്യയുടെ മുന്നേറ്റം ചൈനയോട് പോലും കിടപിടിക്കാൻ പോന്നതാണ് എന്ന വിലയിരുത്തലിലാണ് പുതിയ തീരുമാനം. അടുത്ത വർഷത്തോടെ 100 കോടി കൊവിഡ് വാക്സിൻ ഇന്ത്യ ഉൽപ്പാദിപ്പിക്കുമെന്നാണ് ധാരണ. ഇത് കൂടാതെ കാലാവസ്ഥാ വ്യതിയാനം, സുരക്ഷ എന്നീ മേഖലകളിലെ പ്രശ്നങ്ങളും സഹകരണവും ചർച്ചാ വിഷയമായി. അമേരിക്ക, ഓസ്‌ട്രേലിയ, ജപ്പാൻ, ഇന്ത്യ എന്നീ രാജ്യങ്ങളുടെ കൂട്ടായ്മയാണ് ക്വാഡ് .

അമേരിക്കയുടെ പ്രസിഡന്റായി ജോ ബൈഡൻ തിരഞ്ഞെടുക്കപ്പെട്ട ശേഷം നടന്ന ആദ്യ ക്വാഡ് യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി, ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി സ്‌കോട്ട് മോറിസൺ, ജപ്പാൻ പ്രധാനമന്ത്രി യോഷിഹിതേ സുഗ എന്നിവർ പങ്കെടുത്തു.

സ്വതന്ത്രവും ആരോഗ്യകരവും ജനാധിപത്യ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതുമായ ഒരു മേഖലയ്ക്കായാണ് ഞങ്ങൾ പരിശ്രമിക്കുന്നതെന്ന് 'ക്വാഡ്' രാജ്യങ്ങൾ സംയുക്ത പ്രസ്താവനയിൽ പറഞ്ഞു. വാക്സിനേഷൻ നിർമ്മാണം വിപുലീകരിക്കുന്നതിലൂടെ കോവിഡിനെ ഫലപ്രദമായി ചെറുക്കാനുള്ള പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാകും. കോവിഡ് വാക്സിനുകളുടെ ഉൽപാദനം വിപുലീകരിക്കുന്നതിന് ജപ്പാൻ ഇന്ത്യയ്ക്ക് വായ്പ നൽകുന്ന കാര്യത്തിലും തീരുമാനമായിട്ടുണ്ട്.