k-surendran

കാസർകോട്: കോന്നിയും മഞ്ചേശ്വരവും പ്രിയപ്പെട്ട മണ്ഡലങ്ങളാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ..സുരേന്ദ്രൻ പറഞ്ഞു.. നിയമസഭാ തിരഞ്ഞെടുപ്പിൽ രണ്ട് മണ്ഡലങ്ങളിൽ മത്സരിക്കാൻ പാർട്ടി ആവശ്യപ്പെട്ടത് വർദ്ധിച്ച ആത്മവിശ്വാസമുള്ളതുകൊണ്ടാണെന്നും സുരേന്ദ്രൻ വ്യക്തമാക്കി. രണ്ടും പ്രിയപ്പെട്ട മണ്ഡലങ്ങളാണ്. ജനങ്ങളിലുള്ള വിശ്വാസമാണ് മുന്നോട്ട് നയിക്കുന്നതെന്നും രണ്ട് മണ്ഡലങ്ങളിലേയും ജനങ്ങൾക്ക് തന്നിൽ വിശ്വാസമുണ്ടെന്ന് വിശ്വസിക്കാനാണ് ഇഷ്ടമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ തവണ 89 വോട്ടുകൾക്ക് മാത്രം പരാജയപ്പെട്ട സീറ്റാണ് മഞ്ചേശ്വരം. കള്ളവോട്ടിലൂടെയും ചതിയിലൂടെയും സി.പി.എമ്മിന്റെ സഹായത്തോടെയാണ് മണ്ഡലം യു.ഡി.എഫ് പിടിച്ചെടുത്തത്. പാർട്ടിയെ സംബന്ധിച്ചിടത്തോളം മണ്ഡലം തിരിച്ചുപിടിക്കേണ്ടത് അത്യാവശ്യമാണ്. വ്യക്തിപരമായി വൈകാരിക അടുപ്പമുള്ള മണ്ഡലമാണ് കോന്നി. ശബരിമലയുമായി ബന്ധപ്പെട്ട് നടന്ന സംഭവങ്ങളുടെ പേരിൽ വൈകാരിക അടുപ്പമുള്ള മണ്ഡലമാണ് കോന്നി.

രണ്ട് മണ്ഡലങ്ങളിൽ മത്സരിക്കുക എന്നത് ഇന്ത്യയിൽ പുതിയ കാര്യമല്ല. സംസ്ഥാനത്തും പുതിയ കാര്യമല്ല. പ്രമുഖരായ പല നേതാക്കളും രണ്ട് മണ്ഡലങ്ങളിൽ മത്സരിച്ചിട്ടുണ്ട്. ദേശീയ തലത്തിലും ആളുകൾ രണ്ട് മണ്ഡലങ്ങളിൽ മത്സരിക്കുന്നുണ്ട്. രണ്ട് മണ്ഡലങ്ങളിൽ അത് തെറ്റായി കാണേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.