amit-shah

ഡിസ്പൂർ: രാജ്യത്തെ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്ന പാർട്ടികളുമായാണ് കോൺഗ്രസും രാഹുൽ ഗാന്ധിയും സഖ്യത്തിൽ ഏർപ്പെടുന്നതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. അസാമിലെ നസ്റിയയിൽ നടന്ന തിരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബി.ജെ.പി വോട്ട് ബാങ്ക് രാഷ്ട്രീയത്തിന് ശ്രമിക്കാറില്ല. 15 വർഷം അസാം ഭരിച്ചിട്ടും, സംസ്ഥാനത്തിന്റെ പ്രതിനിധിയായി ഒരു മുൻ പ്രധാനമന്ത്രി ഉണ്ടായിരുന്നിട്ടും അനധികൃത കുടിയേറ്റ പ്രശ്നം പരിഹരിക്കാൻ യാതൊന്നും ചെയ്തില്ല. അസമിൽ നിന്നുള്ള രാജ്യസഭാംഗമായ മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിനെ ഉദ്ദേശിച്ചാണ് ഷാ ഇങ്ങനെ പറഞ്ഞത്. തിരഞ്ഞടുപ്പ് ജയിക്കാൻ കോൺഗ്രസ് ഏതറ്റം വരെയും പോകും. കോൺഗ്രസ് അസാമിൽ ബദറുദ്ദീൻ അജ്മലിന്റെ എ.ഐ.യു.ഡി.എഫുമായും കേരളത്തിൽ മുസ്ലിം ലീഗുമായും ബംഗാളിൽ ഇന്ത്യൻ സെക്യുലർ ഫ്രണ്ടുമായും സഖ്യത്തിൽ ഏർപ്പെട്ടു. അജ്മലിന്റെ കൈകളിൽ അസാം ഒരിക്കലും സുരക്ഷിതമായിരിക്കില്ല - ഷാ പറഞ്ഞു. നുഴഞ്ഞുകയറ്റക്കാരെ തുരത്താനും അസാമിനെ ഉന്നതിയിൽ എത്തിക്കാനും ബി.ജെ.പിയ്ക്ക് സാധിച്ചു. ഇനിയൊരു അഞ്ച് വർഷം കൂടി ലഭിച്ചാൽ അനധികൃത കുടിയേറ്റ പ്രശ്നം പൂർണമായും പരിഹരിക്കും - ഷാ വ്യക്തമാക്കി. അസാമിൽ വിവിധ പരിപാടികളിൽ പങ്കെടുത്ത ഷാ പശ്ചിമ ബംഗാളിലെ ഖരഗ്പൂരിൽ ഇന്നലെ വൈകിട്ട് നടന്ന റോഡ് ഷോയിലും പങ്കെടുത്തിരുന്നു.

 അസാമിൽ സമാധാനം തിരിച്ചുവന്നു

ഭീകരപ്രവർത്തനങ്ങൾക്കും സായുധകലാപങ്ങൾക്കും ഇപ്പോൾ അസാമിൽ ഇടമില്ലെന്ന് സംസ്ഥാനത്ത് നടന്ന തിരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുത്ത് കൊണ്ട് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞു. മോദി സർക്കാർ അധികാരത്തിലെത്തിയതോടെ അസാമിൽ സമാധാനം തിരിച്ചു വന്നു. അനധികൃത കുടിയേറ്റം തടയാനായി ധുബ്രിയിലുള്ള ഇന്ത്യ - ബംഗ്ലാദേശ് അതിർത്തിയിൽ ക്യാമറകൾ അടക്കമുള്ള സുരക്ഷാ സംവിധാനങ്ങൾ സ്ഥാപിച്ചു കഴിഞ്ഞു - സിംഗ് വ്യക്തമാക്കി