
ചെന്നൈ: നിർദ്ധന കുടുംബങ്ങൾക്ക് പാചകാവശ്യത്തിനുള്ള എൽ.പി.ജി സിലിണ്ടറുകൾ ലഭ്യമാക്കുന്ന കേന്ദ്ര പദ്ധതിയായ പ്രധാനമന്ത്രി ഉജ്വല യോജനയ്ക്ക് (പി.എം.യു.വൈ) മികച്ച പ്രതികരണം. രാജ്യത്ത് എട്ടുകോടി കണക്ഷനുകളാണ് പദ്ധതിപ്രകാരം നൽകിയിട്ടുള്ളത്. നടപ്പു സാമ്പത്തിക വർഷത്തെ (2020-21) ആദ്യപാദത്തിൽ ഉജ്വല യോജനയിലെ എൽ.പി.ജി ഉപഭോഗത്തിലുണ്ടായ വർദ്ധന 23.2 ശതമാനമാണെന്ന് ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ റിപ്പോർട്ട് വ്യക്തമാക്കി. മൂന്ന് സൗജന്യ സിലിണ്ടറുകളാണ് പദ്ധതിപ്രകാരം ഉജ്വല യോജനയുടെ ഗുണഭോക്താക്കൾക്ക് ലഭ്യമാക്കിയത്.
ഇക്കഴിഞ്ഞ ഡിസംബർ-ഫെബ്രുവരി കാലയളവിൽ രാജ്യത്തെ മൊത്തം എൽ.പി.ജി ഉപഭോഗം 7.3 ശതമാനം വർദ്ധിച്ചു. ഉജ്വല യോജന ഉപഭോക്താക്കൾ മാത്രം രേഖപ്പെടുത്തിയ വർദ്ധന 19.5 ശതമാനമാണ്. മുൻവർഷത്തെ സമാനകാലയളവിലെ 8.45 മില്യൺ ടണ്ണിൽ നിന്ന് 10.10 മില്യൺ ടണ്ണിലേക്കാണ് ഉപഭോഗം വർദ്ധിച്ചത്. നടപ്പുവർഷം ഏപ്രിൽ-ഫെബ്രുവരിയിൽ മൊത്തം എൽ.പി.ജി ഉപഭോഗ വർദ്ധന 10.3 ശതമാനമാണ്.
ഇന്ത്യയിലെ എൽ.പി.ജി ഉപഭോക്തൃ വിഹിതത്തിൽ വൻ വളർച്ചയാണുള്ളത്. 2014ൽ ജനസംഖ്യയുടെ 55 ശതമാനം പേർക്ക് മാത്രമാണ് എൽ.പി.ജി ലഭ്യമായിരുന്നത്. ഈവർഷം മാർച്ച് 10ലെ കണക്കുപ്രകാരം 99 ശതമാനം ജനങ്ങളിലേക്കും എൽ.പി.ജി എത്തിയെന്നും റിപ്പോർട്ടിലുണ്ട്. വിറക് ഉൾപ്പെടെയുള്ള പരമ്പരാഗത രീതികളിൽ നിന്ന് അന്തരീക്ഷ മലിനീകരണം കുറഞ്ഞ എൽ.പി.ജിയിലേക്ക് മാറാനുള്ള ബോധവത്കരണവും ഈ വളർച്ചയ്ക്ക് വഴിയൊരുക്കി.