vijay-hazare

വിജയ് ഹസാരെ ട്രോഫി ഫൈനലിൽ യു.പിയെ തോൽപ്പിച്ച് മുംബയ് കിരീടം നേടി

ന്യൂഡൽഹി : കലാശപ്പോരാട്ടത്തിൽ ഉത്തർപ്രദേശിനെ ആറു വിക്കറ്റിന് കീഴടക്കി മുംബയ് വിജയ് ഹസാരെ ട്രോഫിയിൽ മുത്തമിട്ടു.

ഉത്തർപ്രദേശ് ഉയർത്തിയ 313 റൺസ് വിജയലക്ഷ്യം 51 പന്തുകൾ ബാക്കിനിർത്തി ആറു വിക്കറ്റ് മാത്രം നഷ്ടത്തിലാണ് മുംബയ് മറികടന്നത്. ആദിത്യ താരെ 107 പന്തിൽ 18 ഫോറുകൾ സഹിതം 118 റൺസുമായി പുറത്താകാതെ നിന്നു. വെറും 39 പന്തിൽനിന്ന് 10 ഫോറും നാലു സിക്സും സഹിതം 73 റൺസെടുത്ത ക്യാപ്ടൻ പൃഥ്വി ഷാ തകർപ്പൻ ഫോമും മുംബയ്‌യുടെ നാലാം കിരീടവിജയത്തിൽ നിർണായകമായി. ഇതോടെ 827 റൺസടിച്ച് ഷാ ഈ ടൂർണമെന്റിൽ കൂടുതൽ റൺസ് നേടിയ താരമായി.

ഷംസ് മുളാനി (43 പന്തിൽ 36), ഓപ്പണർ യശ്വസി ജയ്സ്വാൾ (29), ശിവം ദുബെ (42) എന്നിവരുടെ ഇന്നിംഗ്സുകളും മുംബയ്‌യുടെ വിജയത്തിൽ നിർണായകമായി. ഓപ്പണിംഗ് വിക്കറ്റിൽ 55 പന്തിൽനിന്ന് 89 റൺസടിച്ച പൃഥ്വി ഷാ – ജയ്സ്വാൾ സഖ്യമാണ് മുംബ‌യ്‌യുടെ തിരിച്ചടിക്ക് തുടക്കമിട്ടത്. പിന്നീട് മൂന്നാം വിക്കറ്റിൽ മറ്റൊരു അർധസെഞ്ച്വറി കൂട്ടുകെട്ടുമായി താരെ – ഷംസ് മുളാനി സഖ്യവും (93 പന്തിൽനിന്ന് 88 റൺസ്), നാലാം വിക്കറ്റിൽ അർധസെഞ്ച്വറി കൂട്ടുകെട്ട് തീർത്ത് താരെ – ശിവം ദുബെ സഖ്യവും (60 പന്തിൽ 88 റൺസ്) മുംബയ്‌യെ കിരീടത്തിലേക്ക് നയിച്ചു

നേരത്തെ, തകർപ്പൻ സെഞ്ച്വറിയുമായി (156 പന്തിൽനിന്ന് 158 റൺസ്)നങ്കൂരമിട്ട ഓപ്പണർ മാധവ് കൗശിക്കിന്റെ മികവിലാണ് ഉത്തർപ്രദേശ് മികച്ച സ്കോറിലെത്തിയത്. ഫീൽഡിംഗിനിടെ പൃഥ്വി ഷായ്ക്ക് പരുക്കേറ്റെങ്കിലും അധികം വൈകാതെ ഗ്രൗണ്ടിലേക്ക് തിരിച്ചെത്തി.

827 റൺസാണ് ടൂർണമന്റിലെ എട്ട് മത്സരങ്ങളിൽ നിന്ന് പൃഥ്വി ഷാ അടിച്ചുകൂട്ടിയത്.

105*,34,227*,36,2,185*,165,73 എന്നിങ്ങനെയാണ് ഷായുടെ ഓരോ മത്സരത്തിലെയും പ്രകടനം