
വാഷിംഗ്ടൺ: ലോക മിഡില്‍വെയ്റ്റ് ബോക്‌സിംഗ് ഇതിഹാസവും നടനുമായ മാർവിന്‍ ഹാഗ്ലർ (66) അന്തരിച്ചു.
എഴുപതുകളിലും എൺപതുകളിലും പ്രൊഫഷണൽ റിംഗ് അടക്കിവാണ ഹാഗ്ലർ 67 പോരാട്ടങ്ങളിൽ അറുപത്തിരണ്ടിലും ജയിച്ചയാളാണ്.. ഇതിൽ 52 എണ്ണം നോക്കൗട്ടുമായിരുന്നു.
1985ൽ ലാസ് വേഗാസിലെ സീസർപാലസിൽ തോമസ് ഹിറ്റ്മാൻ ഹേൺസിനെതിരായ ഹാഗ്ളറുടെ ബൗട്ട് ഏറെ പ്രശസ്തമായിരുന്നു. എട്ട് മിനറ്റ് കൊണ്ട് ഹിറ്റ്മാനെ നിലംപരിശാക്കിയ പോരാട്ടം ഇന്നും ബോക്‌സിംഗ് ചരിത്രത്തിലെ ക്ലാസിക്കായാണ് കണക്കാക്കപ്പെടുന്നത്.തുടർച്ചയായ പന്ത്രണ്ട് തവണയാണ് ഹാഗ്ളർ വേൾഡ് ബോക്‌സിംഗ് കൗൺസിലിന്റെയും വേൾഡ് ബോക്‌സിംഗ് അസോസിയേഷന്റെയും ലോകകിരീടങ്ങൾനിലനിര്‍ത്തിയത്. 1986ലായിരുന്നു അവസാന ജയം.
റിംഗിനോട് വിടപറഞ്ഞ് കമന്ററിയിലേയ്ക്കും അഭിനയത്തിലേയ്ക്കും തിരിഞ്ഞ ഹാഗ്ളറെ ഇന്റർനാഷണൽ ബോക്‌സിംഗ് ഹാൾ ഓഫ് ഫെയിമിലും ഉൾപ്പെടുത്തി. ബോക്‌സിംഗ് ഇല്ലസ്‌ട്രേറ്റഡ് മാഗസിൻ 1980ൽ ഹാഗ്ളറെ ദശാബ്ദത്തിന്റെ പോരാളിയായാണ് വിശേഷിപ്പിച്ചത്. റിംഗ് മാഗസിൻ രണ്ട് തവണ ഫൈറ്റർ ഓഫ് ദി ഇയർ പട്ടവും സമ്മാനിച്ചിരുന്നു.