
ന്യൂഡൽഹി: ലോകത്ത് ഏറ്റവുമധികം വിദേശ നാണയ കരുതൽ ശേഖരമുള്ള രാജ്യങ്ങളുടെ പട്ടികയിൽ നാലാംസ്ഥാനത്തേക്ക് മുന്നേറി ഇന്ത്യ. 58,030 കോടി ഡോളറാണ് ഇന്ത്യയുടെ വിദേശ നാണയശേഖരം. 58,010 കോടി ഡോളറുള്ള റഷ്യയെ പിന്തള്ളിയാണ് ഇന്ത്യ റാങ്ക് മെച്ചപ്പെടുത്തിയത്. 18 മാസത്തേക്കുള്ള ക്രൂഡോയിൽ ഇറക്കുമതിച്ചെലവിന് തുല്യമാണ് ഇപ്പോൾ ഇന്ത്യയുടെ വിദേശ നാണയശേഖരം.
ജനുവരി 29ന് ഇന്ത്യയുടെ വിദേശ നാണയശേഖരം എക്കാലത്തെയും ഉയരമായ 59,018.5 കോടി ഡോളറിൽ എത്തിയിരുന്നെങ്കിലും പിന്നീട് ഇടിഞ്ഞു. മാർച്ച് അഞ്ചിന് സമാപിച്ച ആഴ്‌ചയിൽ മാത്രം 430 കോടി ഡോളറിന്റെ കുറവുണ്ടായി. 3.3 ലക്ഷം കോടി ഡോളർ ശേഖരമുള്ള ചൈനയ്ക്കാണ് ഒന്നാംസ്ഥാനം. 1.3 ലക്ഷം കോടി ഡോളറുമായി ജപ്പാൻ രണ്ടാമതും 1.08 ലക്ഷം കോടി ഡോളറുമായി സ്വിറ്റ്‌സർലൻഡ് മൂന്നാമതുമാണ്.