
രണ്ടാം ട്വന്റി-20യിൽ ഇംഗ്ളണ്ടിനെ 7 വിക്കറ്റിന് തോൽപ്പിച്ച് ഇന്ത്യ
ഇശാൻ കിഷന് അരങ്ങേറ്റത്തിൽ അർദ്ധസെഞ്ച്വറി(56)
വിരാട് കൊഹ‌്ലിക്കും (73*) അർദ്ധസെഞ്ച്വറി
പരമ്പര 1-1ന് സമനിലയിൽ
അഹമ്മദാബാദ് : അരങ്ങേറ്റ മത്സരത്തെ അർദ്ധസെഞ്ച്വറികൊണ്ട് അലങ്കരിച്ച ഇശാൻ കിഷനും (56),നായകൻ വിരാട് കൊഹ്‌ലിയും(73*) ചേർന്ന് ഇംഗ്ളണ്ടിനെതിരായ രണ്ടാം ട്വന്റി-20യിൽ ഇന്ത്യയ്ക്ക് വിക്കറ്റിന്റെ വിജയം നൽകി അഞ്ച് മത്സരപരമ്പര1-1ന് സമനിലയിലാക്കി.
ഇന്നലെ മൊട്ടേറയിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇംഗ്ളണ്ട് നിശ്ചിത 20ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 164 റൺസെടുത്തപ്പോൾ ഇന്ത്യ 13 പന്തുകൾ ബാക്കിനിൽക്കേയാണ് വിജയം കണ്ടത്.ആദ്യ ഓവറിൽ സ്കോർ ബോർഡ് തുറക്കും മുന്നേ കെ.എൽ രാഹുലിനെ (0) നഷ്ടമായ ശേഷം ഇശാനും കൊഹ്‌ലിയും ഒൻപതോവറിൽ കൂട്ടിച്ചേർത്ത 94 റൺസാണ് ഇന്ത്യൻ ഇന്നിംഗ്സിന് കരുത്തായത്. 28 പന്തുകളിൽ അർദ്ധസെഞ്ച്വറി തികച്ച ഇശാൻ 10-ാം ഓവറിൽ ആദിൽ റഷീദിന്റെ പന്തിൽ എൽ.ബിയിൽ കുരുങ്ങിയപ്പോൾ പകരമെത്തിയ റിഷഭ് 13 പന്തുകളിൽ രണ്ടുവീതം ഫോറും സിക്സുമടക്കം 26 റൺസെടുത്ത് മടങ്ങി. തുടർന്ന് 18-ാം ഓവറിൽ കൊഹ്‌ലിയും ശ്രേയസ് അയ്യരും വിജയത്തിലെത്തിച്ചു. 49 പന്തുകളിൽ അഞ്ചുഫോറും മൂന്നുസിക്സുമടക്കമാണ് കൊഹ്‌ലി 73 റൺസിലെത്തിയത്.
രണ്ട് മാറ്റങ്ങളോടെയാണ് ഇന്ത്യ ഇന്നലെ ഇറങ്ങിയത്. ഓപ്പണിംഗിൽ ശിഖർ ധവാന് പകരമാണ് ഇശാന് അരങ്ങേറ്റത്തിന് അവസരം നൽകിയത്. മദ്ധ്യ നിരയിൽ സൂര്യകുമാർ യാദവും ആദ്യ മത്സരത്തിനിറങ്ങി..അക്ഷർ പട്ടേലിന് പകരമാണ് സൂര്യകുമാർ അരങ്ങേറ്റത്തിനെത്തിയത്.രോഹിത് ശർമ്മയ്ക്ക് ഇന്നലെയും വിശ്രമം അനുവദിച്ചു.
ടോസ് നേടിയ ഇന്ത്യൻ ക്യാപ്ടൻ വിരാട് കൊഹ്‌ലി ഇംഗ്ളണ്ടിനെ ബാറ്റിംഗിന് ക്ഷണിക്കുകയായിരുന്നു. ആദ്യ ഓവറിൽത്തന്നെ വിരുന്നുകാർക്ക് ഭുവനേശ്വർ കുമാർ പ്രഹരമേൽപ്പിച്ചു. മൂന്നാം പന്തിൽ സ്കോർ ബോർഡിൽ ഒരു റൺസ് മാത്രമുള്ളപ്പോൾ ജോസ് ബട്ട്‌ലറെ എൽ.ബിയിൽ കുരുക്കുകയായിരുന്നു ഭുവനേശ്വർ. എന്നാൽ രണ്ടാം വിക്കറ്റിൽ ഒരുമിച്ച ജാസൺ റോയ്‌യും (46) ഡേവിഡ് മലാനും (24) ചേർന്ന് ഇംഗ്ളണ്ടിനെ രക്ഷിച്ചുമുന്നോട്ടു കൊണ്ടുപോയി.
ഒൻപതാം ഓവറിൽ ടീം സ്കോർ 64-ൽ നിൽക്കേ സഖ്യം പൊളിച്ച ചഹലാണ് ഇന്ത്യയെ മത്സരത്തിലേക്ക് തിരികെക്കൊണ്ടുവന്നത്. 23 പന്തുകൾ നേരിട്ട് നാലു ബൗണ്ടറികൾ പായിച്ച മലാനെ ചഹൽ വിക്കറ്റിന് മുന്നിൽ കുരുക്കുകയായിരുന്നു.12-ാം ഓവറിൽ വാഷിംഗ്ടൺ സുന്ദർ റോയിയെയും മടക്കി അയച്ചതോടെ ഇംഗ്ളണ്ട് 91/3 എന്ന നിലയിലായി. 35 പന്തുകളിൽ നാലുഫോറും രണ്ട് സിക്സുമടിച്ച റോയ്‌യെ ഭുവനശ്വർ ഉഗ്രനൊരു ക്യാച്ചിലൂടെയാണ് തിരിച്ചയച്ചത്.
തുടർന്ന് ജോണി ബെയർസ്റ്റോയും(20) ഇയോൻ മോർഗനും (28) സ്കോർ ഉയർത്താൻ ശ്രമിച്ചു.14-ാം ഓവറിൽ വാഷിംഗ്ടൺ സുന്ദർ ബെയർസ്റ്റോയെയും 18-ാം ഓവറിൽ ശാർദൂൽ താക്കൂർ മോർഗനെയും തിരിച്ചയച്ചു.അവസാന ഓവറിൽ ബെൻ സ്റ്റോക്സിനെയും (24)ശാർദൂൽ മടക്കി അയച്ചു.വാഷിംഗ്ടൺ സുന്ദറും ശാർദ്ദൂൽ താക്കൂറും രണ്ട് വിക്കറ്റ് വീതം നേടിയപ്പോൾ ഭുവനേശ്വറും ചഹലും ഓരോ വിക്കറ്റ് നേടി.
മൂന്നാം ട്വന്റി-20 നാളെ ഇതേ വേദിയിൽ നടക്കും.