
ചെന്നൈ: തമിഴ്‌നാട്ടിൽ വൻവാഗ്ദാനങ്ങളുമായി ഭരണകക്ഷിയായ അണ്ണാ ഡി.എം.കെയുടെ പ്രകടനപത്രിക പുറത്തിറക്കി. ഒരു വീട്ടിൽ ഒരാൾക്ക് സർക്കാർ ജോലി, എല്ലാവർക്കും വീട്, എല്ലാ വീട്ടിലും സൗജന്യമായി വാഷിംംഗ് മെഷിനും സോളാർ അടുപ്പും ഉൾപ്പടെയുളള വാഗ്ദാനങ്ങളാണ് അണ്ണാ ഡിഎംകെ പ്രഖ്യാപിച്ചിരിക്കുന്നത്. ഗാർഹിക ആവശ്യത്തിന് വർഷം ആറ് ഗ്യാസ് സിലിണ്ടർ സൗജ്യനമായി നൽകും. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് സ്ഥലവും വീടും നൽകും. റേഷൻ കാർഡ് ഉടമകൾക്ക് മാസം 1500 രൂപ, വിദ്യാർത്ഥികൾക്ക് സൗജന്യ ഇന്റർനെറ്റ്, മദ്യശാല ഘട്ടംഘട്ടമായി അടച്ചുപൂട്ടുമെന്നുമാണ് വാഗ്ദാനം.
അധികാരത്തിൽ എത്തിയാൽ സിഎഎ നിയമഭേദഗതി പിൻവലിക്കാൻ കേന്ദ്രത്തോട് ആവശ്യപ്പെടുമെന്നും അണ്ണാ ഡി.എം.കെ പ്രകടന പത്രികയിൽ പറയുന്നു. റേഷൻ സാധനങ്ങൾ വീട്ടുപടിക്കൽ, കോളേജ് വിദ്യാർത്ഥികൾക്ക് 2 ജിബി വീതം ഇന്റെർനെറ്റ്
കേബിൾ കണക്ഷൻ സൗജന്യം, വിദ്യാഭ്യാസ ലോണുകൾ എഴുതിത്തള്ളും, ഇന്ധനവില കുറയ്ക്കാൻ നടപടി സ്വീകരിക്കും
വിദ്യാഭ്യാസം സംസ്ഥാനത്തിന്റെ ലിസ്റ്റിലേക്ക് മാറ്റും. ശ്രീലങ്കൻ തമിഴർക്ക് ഇന്ത്യൻ പൗരത്വം, രാജീവ് ഗാന്ധി വധക്കേസ് പ്രതികളുടെ മോചനം എന്നിവയും പ്രകടനപത്രികയിൽ വാഗ്ദാനം ചെയ്യുന്നു