
പി.പി.പി രീതിയിൽ പ്രവർത്തിക്കുന്ന ഡൽഹി, മുംബയ്, ബംഗളൂരു, ഹൈദരാബാദ് വിമാനത്താവളങ്ങളിലെ ഓഹരികളാണ് പൂർണമായും വിറ്റഴിക്കുക
ന്യൂഡൽഹി: സ്വകാര്യവത്കരണ നയത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് വ്യക്തമാക്കി, രാജ്യത്തെ നാല് സുപ്രധാന വിമാനത്താവളങ്ങളിലെ ഓഹരി പങ്കാളിത്തവും വിറ്റൊഴിയാൻ കേന്ദ്രസർക്കാർ ഒരുങ്ങുന്നു. പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ (പി.പി.പി) ഡൽഹി, മുംബയ്, ബംഗളൂരു, ഹൈദരാബാദ് വിമാനത്താവളങ്ങളിലെ ഓഹരികളാണ് പൂർണമായും വിറ്റഴിക്കുക. ഇതിന്, വ്യോമയാന മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള എയർപോർട്ട്‌സ് അതോറിറ്റി ഒഫ് ഇന്ത്യയുടെ (എ.എ.ഐ) ഡയറക്‌ടർ ബോർഡ് അനുമതി നൽകി.
അടുത്ത സാമ്പത്തിക വർഷം (2021-22) പൊതുമേഖലാ ഓഹരി വില്പനയിലൂടെ 2.50 ലക്ഷം കോടി രൂപ സമാഹരിക്കാനുള്ള സർക്കാർ ലക്ഷ്യത്തിന്റെ ഭാഗമാണ് വിമാനത്താവള ഓഹരി വില്പനയും. വ്യോമയാന മന്ത്രാലയത്തിന് കീഴിലെ സ്ഥാപനങ്ങളുടെ ഓഹരിവില്പനയിലൂടെ ലക്ഷ്യമിടുന്ന തുക 20,000 കോടി രൂപയാണ്. വിമാനത്താവള ഓഹരി വില്പനയ്ക്ക് വിവിധ വകുപ്പുകളുടെയും കേന്ദ്ര കാബിനറ്റിന്റെയും അനുമതി തേടാനുള്ള നടപടികളിലേക്ക് വ്യോമയാന മന്ത്രാലയം കടന്നിട്ടുണ്ട്.
അദാനി ഗ്രൂപ്പിന് 74 ശതമാനം ഓഹരി പങ്കാളിത്തമുള്ള മുംബയ് വിമാനത്താവളത്തിൽ എ.എ.ഐയുടെ വിഹിതം 26 ശതമാനമാണ്. ഇവിടത്തെ വരുമാനത്തിന്റെ 38.7 ശതമാനവും എ.എ.ഐയ്ക്ക് ലഭിക്കാറുണ്ട്. ജി.എം.ആർ നിയന്ത്രിക്കുന്ന ഡൽഹി വിമാനത്താവളത്തിൽ എ.എ.ഐയുടെ ഓഹരി വിഹിതം 26 ശതമാനവും ലഭിക്കുന്ന വരുമാന വിഹിതം 45.99 ശതമാനവുമാണ്. വരുമാന വിഹിതമില്ലാത്ത ബംഗളൂരു, ഹൈദരാബാദ് വിമാനത്താവളങ്ങളിലെ ഓഹരി പങ്കാളിത്തം 13 ശതമാനം വീതം.