suresh-gopi

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ നേമത്ത് മത്സരിക്കുന്നതിനായി കോൺഗ്രസ് നേതാവ് കെ മുരളീധരൻ എംപി സ്ഥാനം രാജി വയ്ക്കണം എന്നോ വയ്‌ക്കേണ്ട എന്നോ പറയുന്ന പക്ഷങ്ങളിൽപ്പെടുന്ന ആളല്ല താനെന്നും രാഷ്ട്രീയം അതല്ലെന്നും നടനും എംപിയുമായ സുരേഷ് ഗോപി. ന്യുമോണിയ ബാധിതനായ സുരേഷ് ഗോപി ടെലിഫോണിലൂടെ ഒരു ചാനൽ ചർച്ചാ പരിപാടിയിൽ പങ്കെടുക്കവേയാണ് ഇക്കാര്യം പറഞ്ഞത്.

താൻ ആശുപത്രി കിടക്കയിൽ നിന്നുമാണ് സംസാരിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കുകയും ചെയ്തു. മുരളീധരൻ ഒരു ഉരുക്കുകോട്ട തകർത്തുകൊണ്ട് പൊരുതി നേടിയ 'ഒളിമ്പിക് ട്രോഫി' നേമത്ത് ജയം ഉണ്ടാകാതെ, നഷ്ടപ്പെടാതെ ഇരിക്കട്ടെ എന്ന് മാത്രമേ താൻ ഇപ്പോൾ പ്രാർത്ഥിക്കുന്നുള്ളൂ എന്നാണ് സുരേഷ് ഗോപി പ്രതികരിച്ചത്. ചർച്ചയിൽ ഉയർന്ന വാദങ്ങളിൽ മറുപടി പറയുകയായിരുന്നു സുരേഷ് ഗോപി.

തനിക്ക് എംപി സ്ഥാനം ലഭിച്ചതിനെ കുറിച്ചും ആ നിലയിൽ തനിക്ക് ലഭിക്കുന്ന ശമ്പളത്തെ കുറിച്ചും ചർച്ചയിൽ പങ്കെടുത്ത കോൺഗ്രസ് നേതാവ് പന്തളം സുധാകരൻ വാസ്തവവിരുദ്ധമായ കാര്യങ്ങളാണ് പറഞ്ഞതെന്നും സുരേഷ് ഗോപി ആരോപിച്ചു.

എംപി എന്ന നിലയിൽ തനിക്ക് ലഭിക്കുന്ന ശമ്പളം പാവപ്പെട്ടവർക്കാണ് നൽകുന്നതെന്നും സർക്കാരിന്റെ പണം ഉപയോഗിച്ചല്ല താൻ ജീവിക്കുന്നതെന്നും ബിജെപി നേതാവ് കൂടിയായ നടൻ പറഞ്ഞു. തന്റെ ചാനൽ പരിപാടികളിലൂടെ ലഭിച്ച പണം പോലും പാവങ്ങൾക്കാണ് നൽകിയതെന്നും തന്റെ വീട്ടിലേക്ക് വരികയാണെങ്കിൽ പന്തളം സുധാകരന് അക്കാര്യങ്ങൾ തെളിവ് സഹിതം ബോദ്ധ്യപ്പെടുത്തി തരാമെന്നും സുരേഷ് ഗോപി പറഞ്ഞു.